കൊച്ചി: വിവാദ സിനിമ ‘കേരള സ്റ്റോറി’യെക്കുറിച്ച് പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിനിമ കണ്ടിട്ടില്ലെന്നും സിനിമയെക്കുറിച്ച് പറയാൻ താൻ ആളല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി സിനിമ കണ്ടതുകൊണ്ടായിരിക്കും അഭിപ്രായം പറഞ്ഞതെന്നും ഗവർണർ പ്രതികരിച്ചു.
യഥാർഥ സംഭവമാണ് സിനിമയെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുവെങ്കിൽ അത് അന്വേഷിക്കണം. ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ സർക്കാർ അന്വേഷിക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. നിയമലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടാൽ അതേക്കുറിച്ച് തുറന്നു പറയാൻ എല്ലാവർക്കും അവകാശമുണ്ട്. ആരോപണപ്രത്യാരോപണങ്ങൾ നടത്തുന്നതിന് പകരം വസ്തുതകൾ അന്വേഷിക്കട്ടെ. തെറ്റ് നടന്നുവെങ്കിൽ നടപടിയെടുക്കട്ടെയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കണം. എന്തെങ്കിലും വെളിച്ചത്ത് വന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണ്. ഇതിൽ ആവശ്യമായ നിയമനടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.
















