കണ്ണൂര്‍: കണ്ണൂരിലെ ധനകാര്യ സ്ഥാപനത്തില്‍ കളിത്തോക്ക് കാണിച്ച് കവര്‍ച്ച നടത്തിയയാളെ നാട്ടുകാര്‍ ഓടിച്ച് പിടികൂടി. വൈകുന്നേരം നാലോടെ കൂട്ടുപുഴ പേരട്ട ടൗണില്‍ പ്രവര്‍ത്തിക്കുന്ന ആശ്രയ ഫൈനാന്സിലായിരുന്നു സംഭവം. പേരട്ട സ്വദേശി അബ്ദുള്‍ ഷുക്കൂർ ആണ് പിടിയിലായത്.
വൈകിട്ട് നാലരയോടെ ഇരുചക്രവാഹനത്തിൽ സ്ഥലത്തെത്തിയ പ്രതി സ്ഥാപനത്തിലേക്ക് കയറി അവിടെയുണ്ടായിരുന്ന വനിതാ ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തുടർന്ന് ഡ്രോയറിൽ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കുകയായിരുന്നു. തുടർന്ന് പ്രതി സ്കൂട്ടറിൽ കയറി രക്ഷപെടാൻ ശ്രമിച്ചു.
ഇതിനിടെ ജീവനക്കാരി ബഹളം വച്ചതോടെ തൊട്ടടുത്ത കടകളിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഓടിക്കൂടി പ്രതിയെ പിടികൂടുകയായിരുന്നു.
അബ്ദുള്‍ ഷുക്കൂറിനെ പോലീസിന് കൈമാറി. ഇയാളുടെ പക്കലുണ്ടായിരുന്നത് കളിത്തോക്കാണെന്ന് പിന്നീട് പോലീസ് പരിശോധനയില്‍ വ്യക്തമായി.
















