തിരുവനന്തപുരം: ‘ദ കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കണമെന്ന നിലപാട് തനിക്കില്ലെന്ന് ശശി തരൂർ എംപി. സിനിമ യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് പറയാനുള്ള എല്ലാ അവകാശവും മലയാളികൾക്കുണ്ട്. ഉള്ളടക്കം ദുരുപയോഗിക്കപ്പെടും എന്നതുകൊണ്ട് മാത്രം ആവിഷ്കാര സ്വാതന്ത്ര്യത്തെ വിലക്കാൻ ആവില്ലെന്നും ശശി തരൂർ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് തരൂരിന്റെ പ്രതികരണം.
“ഞാൻ ഊന്നിപ്പറയട്ടെ, സിനിമ നിരോധിക്കണമെന്ന് ഞാൻ ആവശ്യപ്പെടില്ല. ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതുകൊണ്ടു മാത്രം ആവിഷ്‌കാര സ്വാതന്ത്ര്യം വിലയില്ലാത്തതാവുകയില്ല. എങ്കിലും, ഇതു ഞങ്ങളുടെ യാഥാർത്ഥ്യങ്ങളെ ദുർവ്യാഖ്യാനം ചെയ്യുകയാണെന്ന് ഉച്ചത്തിലും വ്യക്തമായും പറയാൻ മലയാളികൾക്ക് അവകാശമുണ്ട്.” തരൂർ ട്വീറ്റ് ചെയ്തു.
കേരളത്തിൽ സിനിമ നിരോധിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് അടക്കം ആവശ്യപ്പെട്ടിരുന്നത്. ഈ നിലപാടിന് വിരുദ്ധമാണ് തരൂരിന്‍റെ നിലപാട്. ഇത് നിങ്ങളുടെ കേരള സ്റ്റോറിയാണെന്നും ഞങ്ങളുടെ കേരളത്തിന്‍റെ കഥ ഇങ്ങനെയല്ലെന്നും തരൂർ കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചിരുന്നു. ചിത്രത്തിന്‍റെ പോസ്റ്റർ പങ്കുവച്ചാണ് തരൂർ വിമർശനം ഉന്നയിച്ചത്.
ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കിയിട്ടുണ്ട്. 32000 പേർ കേരളത്തിൽ നിന്ന് ഭീകര സംഘടനയായ ഐ എസിലേക്ക് പോയെന്ന വിദ്വേഷ പ്രചാരണം നടത്തുന്നവർ ആരോപണത്തിന് തെളിവ് ഹാജരാക്കിയാൽ ഒരു കോടി രൂപ നൽകുമെന്ന് യൂത്ത് ലീഗ് ജെനറൽ സെക്രട്ടറി പികെ ഫിറോസ് വാഗ്ദാനം ചെയ്തിരുന്നു. വർഗീയ കലാപം ഉണ്ടാക്കാനുള്ള അജണ്ടയാണ് സിനിമയിലൂടെ നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
















