തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് കോർപ്പറേഷൻ പരിധിയിൽ മദ്യ നിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ഏപ്രിൽ 29ന് ഉച്ചയ്ക്ക് രണ്ട് മുതൽ മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണിവരെ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
കോർപ്പറേഷൻ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചിടണമെന്നും മറ്റു ലഹരി വസ്തുക്കളുടെ വിതരണവും വിൽപ്പനയും നിരോധിച്ചു കൊണ്ടുമാണ് ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജയുടെ ഉത്തരവ്. 48 മണിക്കൂർ സമയത്തേക്കാണ് നിരോധനം.
പൂരം പ്രമാണിച്ച് വടക്കുംനാഥൻ ക്ഷേത്ര മൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും ഹെലികോപ്റ്റർ, ഡ്രോൺ, ലേസർ ഗൺ തുടങ്ങിയവയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പൂരം നടക്കുന്ന ഏപ്രിൽ 28, 29, 30 മെയ് ഒന്ന് തീയതികളിൽ ഹെലികോപ്റ്റർ, ഹെലി ക്യാം, എയർ ഡ്രോൺ, ജിമ്മി ജിബ് ക്യാമറകൾ, ലേസർ ഗൺ എന്നിവയുടെ ഉപയോഗമാണ് പൂർണമായി നിരോധിച്ചിരിക്കുന്നത്.
പി എസ് സി അറിയിപ്പ്
29ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടത്തുന്ന ഡിഗ്രി ലെവൽ പൊതു പ്രാഥമിക പി എസ് സി പരീക്ഷയ്ക്ക് തൃശൂർ ജില്ലയിൽ പ്രത്യേകിച്ച് നഗരപരിധിയിൽ പരീക്ഷാകേന്ദ്രം ലഭിച്ച ഉദ്യോഗാർത്ഥികൾ പൂരത്തിന്റെ തിരക്കും ഗതാഗതക്കുരുക്കും പരിഗണിച്ച് നേരത്തെ പരീക്ഷ കേന്ദ്രത്തിലെത്തിച്ചേരണമെന്നും വൈകി വരുന്ന ഉദ്യോഗാർത്ഥികളെ ഒരു കാരണവശാലും പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ലെന്നും കെ പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.