തിരുവനന്തപുരം: കുസാറ്റ് വിസി നിയമനത്തിൽ സംസ്ഥാന സർക്കാരിന് വഴങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. കുസാറ്റ് വിസിയായി ഡോ. പി ജി ശങ്കരന് നിയമനം നൽകി. ഡോ. കെ എൻ മധുസൂദനൻ സ്ഥാനം ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് പി ജി ശങ്കരന് നിയമനം നൽകിയത്.
കുസാറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം തലവനാണ് ഡോ. പി.ജി. ശങ്കരൻ. സർക്കാരും ഇദ്ദേഹത്തിന്റെ പേരാണു ഗവർണർക്കു സമർപ്പിച്ചത്. കാലാവധി അവസാനിച്ച വിസിയും പിവിസിയും വിരമിക്കുന്നതിന് മുന്പ് ഗവർണറെ സന്ദർശിക്കാൻ അനുമതി ചോദിച്ചിരുന്നുവെങ്കിലും അനുമതി നൽകിയിരുന്നില്ല.
സുപ്രീംകോടതി വിധിയെത്തുടർന്ന് ഗവർണർ പിരിച്ചുവിടൽ നോട്ടീസ് നൽകിയവരിൽ കുസാറ്റ് വിസി യും ഉൾപ്പെട്ടിരുന്നു. സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല സർക്കാരിനെ അവഗണിച്ച് ഗവർണർ നടത്തിയതിനെ തുടർന്ന് ഡോ:സിസ തോമസിനെതിരെ സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതു ഗവർണർക്ക് തിരിച്ചടിയായി. ഇതേ തുടർന്നാണ് കുസാറ്റിൽ ഗവർണർ സർക്കാരിന്റെ അഭിപ്രായം തേടിയത്.