തിരുവനന്തപുരം: എഐ ക്യാമറ സ്ഥാപിച്ചതിൽ വീണ്ടും അഴിമതി ആരോപണമുയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. SRITന് കരാർ കിട്ടാൻ വേണ്ടി മറ്റ് രണ്ട് കമ്പനികളെ ചേർത്ത് ഗൂഢാലോചന നടത്തിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. കരാർ കിട്ടാൻ മത്സരത്തിൽ പങ്കെടുത്ത മൂന്ന് കമ്പനികൾ തമ്മിൽ ഒത്തുകളിച്ചു. SRITന് സാങ്കേതിക മികവില്ലെന്നും വി ഡി സതീശൻ ആരോപിച്ചു.
അക്ഷരാ എൻ്റെർപ്രൈസസ് , അശോക ബിൽകോൺ എന്ന കമ്പനികളാണ് കരാറിനൊപ്പമുള്ള മറ്റുള്ളവ. അശോക ബിൽകോണിന് സാങ്കേതിക പരിജ്ഞാനമില്ല. പാലങ്ങളും റോഡും റെയിൽവേയുടെയും കോൺട്രാക്റ്റ് വർക്ക് ഏറ്റെടുത്ത് നടക്കുന്ന ഒരു നിർമാണ കമ്പനി മാത്രമണിത്. പക്ഷേ ഇവർക്ക് രണ്ട് പേർക്കും SRIT കമ്പനിയുമായി ബന്ധമുണ്ടെന്ന് വി ഡി സതീശൻ ആരോപിച്ചു.
ഈ അഴിമതികൾക്കെല്ലാം പിന്നിൽ കണ്ണൂരിൽ കറങ്ങി നിൽക്കുന്ന കമ്പനികളാണ്. ഇതിനെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം. എല്ലാ രഹസ്യങ്ങളും പുറത്തുകൊണ്ടുവരും. ഇതിനായുള്ള തെളിവ് ശേഖരിക്കുകയാണെന്നും നിയമനടപടികൾ ആലോചിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.