കൊച്ചി: ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വളര്‍ച്ചാനിരക്ക് ഏറ്റവും മോശമായ മൂന്ന് സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം ഉള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം-23 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അനില്‍.
ഇനി കേരളത്തിലും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേതു പോലെ യുവജനങ്ങളെല്ലാം മോദിക്കൊപ്പം അണിനിരന്ന് അദ്ദേഹത്തിനായി പ്രവർത്തിക്കുമെന്ന് അനിൽ ആന്റണി പറഞ്ഞു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക, രാജ്യാന്തര തലത്തിൽ ഇന്ത്യയെ ഒരു വിശ്വഗുരുവാക്കുക എന്നീ മോദിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കേരളത്തിലെ യുവതീയുവാക്കളും അദ്ദേഹത്തിനൊപ്പം അണിനിരക്കുമെന്നും അനിൽ ആന്റണി പറഞ്ഞു.
ഐ.എം.എഫിന്റെ കണക്കുപ്രകാരം ഇന്ത്യ ഇന്ന് ലോകരാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ കുതിക്കുന്ന രാജ്യമാണ്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ജര്‍മനിയെയും ജപ്പാനെയും മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. പക്ഷേ, കേരളം ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ വളര്‍ച്ചാനിരക്ക് ഏറ്റവും മോശമുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്നാണെന്നും അനില്‍ പറഞ്ഞു. കേരളം മാറേണ്ടിയിരിക്കുന്നുവെന്നും അനില്‍ പറഞ്ഞു.
നരേന്ദ്ര മോദിയെക്കൂടാതെ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍, കെ. സുരേന്ദ്രന്‍, സിനിമാ മേഖലയില്‍നിന്നുള്ള സുരേഷ് ഗോപി, ഉണ്ണി മുകുന്ദന്‍, നവ്യാ നായര്‍, അപര്‍ണ ബാലമുരളി, വിജയ് യേശുദാസ് ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖരാണ് യുവം പരിപാടിയില്‍ പങ്കെടുക്കുന്നത്.