കണ്ണൂർ: എഐ ക്യാമറ പദ്ധതിയുമായും എസ്ആർഐടിയുമായും ബന്ധമില്ലെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി (യുഎൽസിഎസ്). സൊസൈറ്റിയുടെ പേരിൽ വരുന്ന ആരോപണങ്ങളിൽ പറയുന്ന പേരുകാർ ഒന്നും യുഎൽസിഎസിന്റെ ഡയറക്ടർമാരെല്ലെന്നും യുഎൽസിഎസ് മാനേജിങ് ഡയറക്ടർ പത്രക്കുറിപ്പിൽ അറിയിച്ചു. വെബ്‌സൈറ്റിൽ സെർച്ച് ചെയ്യുമ്പോൾ ULCCS SRIT Private Limited എന്ന പേര് കൂടി കാണിക്കുന്നത് അപ്ഡേറ്റ് ചെയ്യാത്തതിനാൽ ആണെന്നും യുഎൽസിഎസ് വ്യക്തമാക്കി.
2016-ൽ എസ്ആർഐടി ഒരു ആശുപത്രി വികസന പദ്ധതിയുമായി ബന്ധപ്പെട്ട് സോഫ്റ്റ്‌വെയർ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി നൽകി. അന്ന് രൂപീകരിയ സംയുക്ത സംരംഭമാണ് ULCCS SRIT Private Limited എന്ന സ്ഥാപനം. എന്നാൽ, 2018-ൽ ദൗത്യം അവസാനിച്ചതിനെ തുടർന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തു എന്ന് യു.എൽ.സി.എസ് വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.
കമ്പനികളുടെ വിവരങ്ങൾ നൽകുന്ന വെബ്‌സൈറ്റിൽ സെർച്ച് ചെയ്യുമ്പോൾ ULCCS SRIT Private Limited എന്ന പേര് കൂടി കാണിക്കുന്നത് അവർ അപ്ഡേറ്റ് ചെയ്യാത്തതിനാൽ ആണെന്നും പത്രക്കുറിപ്പിലൂടെ സൊസൈറ്റി അറിയിച്ചു. ഇതു കണ്ടിട്ടാണ് പലരും എസ്.ആർ.ഐ.റ്റി എന്നു കേൾക്കുന്നിടത്തെല്ലാം ഊരാളുങ്കലിനെ കൂട്ടിക്കെട്ടാൻ മുതിരുന്നത്. എസ്ആർഐടി ഒരു സ്വതന്ത്ര സ്വകാര്യ സ്ഥാപനമാണ്. എസ്‌ആർഐടി പങ്കാളിയായിരുന്നു സംരംഭമായ യുഎൽസിഎസ് – എസ്ആർഐടിയെ യഥാർത്ഥ എസ്‌ആർഐടി എന്ന് തെറ്റിദ്ധരിച്ചാണ് നിലവിൽ ആരോപണങ്ങൾ ഉയരുന്നത് എന്നും അവർ വ്യക്തമാക്കി.