കൊച്ചി: എഐ ക്യാമറ വാങ്ങിയതുമായി സംബന്ധിച്ച് ഗുരുതര ആരോപണങ്ങൾ ഉയർത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ക്യാമറ ഇടപാടിൽ നടന്നത് വൻ കൊള്ളയെന്ന് അദ്ദേഹം ആരോപിച്ചു. കെൽട്രോണിന്റെ മറവിൽ സ്വകാര്യ കമ്പനികൾക്ക് വഴിയൊരുക്കുകയാണ് സർക്കാർ ചെയ്തത്. അഴിമതിക്ക് പിന്നിൽ സിപിഎമ്മാണ്. എസ്എൻസി ലാവ്‌ലിൻ പോലെയുള്ള അഴിമതിയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഇടപാടിൽ പലർക്കും കിട്ടിയത് നോക്കുകൂലിയാണ്. മന്ത്രിമാർക്കു പോലും കരാർ കമ്പനികളെക്കുറിച്ച് അറിയില്ല. കരാർ കിട്ടിയ കമ്പനി ഉപകരാർ കൊടുത്തു. കെ ഫോണിന് പിന്നിലും ഇവരാണ്. കണ്ണൂർ കേന്ദ്രീകരിച്ച് നടക്കുന്ന കറക്ക് കമ്പനികളാണ്, പവർ ബ്രോക്കേസ് ആണിവർ. എഐ ക്യാമറ ജനത്തിന് മേലുള്ള മറ്റൊരു കൊള്ളയാണ്. ചെന്നിത്തല ഉന്നയിച്ച കാര്യങ്ങൾക്ക് സർക്കാർ മറുപടിയിൽ വ്യക്തതയില്ല. കെൽട്രോൺ പറഞ്ഞതിലും വ്യക്തതയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട കാബിനറ്റ് നോട്ടിൽ കമ്പനികളെ കുറിച്ചുള്ള വിവരങ്ങളില്ല. മന്ത്രിമാർക്ക് പോലും ഇതറിയാൻ വഴിയില്ല. കെൽട്രോൺ നേരിട്ടാണ് പദ്ധതി നടത്തിയത്. എസ്ആർഐടി കമ്പനിക്ക് ഒരു മുൻപരിചയവുമില്ല. ഇവർ പവർ ബ്രോക്കേർസാണ്. ഇടനിലക്കാരാണ്. ഇതുപോലെ പദ്ധതിക്ക് പ്രീ ക്വാളിഫിക്കേഷൻ മാനദണ്ഡം വ്യക്തമാക്കേണ്ടതായിരുന്നു. ടെണ്ടറിൽ പങ്കെടുത്ത കമ്പനികളേതൊക്കെയാണ്? എസ്ആർഐടി കരാർ കിട്ടിയ ശേഷം കൺസോർഷ്യം ഉണ്ടാക്കി ഉപകരാർ കൊടുത്തു. ഇവർക്ക് ഊരാളുങ്കലുമായി ബന്ധമുണ്ട്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള കറക്ക് കമ്പനികളാണ്. എല്ലാം ഒരൊറ്റ പെട്ടിയിലേക്കാണ് വന്നു ചേരുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
സർക്കാർ ടെണ്ടർ നടപടികളുടെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടു. കമ്പനികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓരോന്നായി പുറത്തുവിടും. 9 ലക്ഷം രൂപ പോയിട്ട്, അതിന്റെ പത്തിലൊന്ന് പോലും ക്യാമറയ്ക്ക് വിലയില്ല. അന്താരാഷ്ട്ര ബ്രാന്റ് ക്യാമറകൾ കിട്ടുമ്പോൾ എന്തിനാണ് ഇതിന്റെ ഘടകങ്ങൾ വാങ്ങി അസംബിൾ ചെയ്തത്? 232 കോടിയുടെ പദ്ധതിയിൽ 70 കോടി മാത്രമാണ് ക്യാമറയ്ക്ക് ചെലവ്.
ക്യാമറ വാങ്ങിയാൽ അഞ്ച് വർഷത്തേക്ക് വാറന്റി കിട്ടും. എന്നാൽ ഇവിടെ അഞ്ച് വർഷത്തേക്ക് 66 കോടി രൂപ മെയിന്റനൻസിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. പൂർണമായി വാങ്ങാവുന്ന ക്യാമറ കെൽട്രോൺ പാർട്സായി വാങ്ങിയത് എന്തിനെന്ന് വ്യക്തമാക്കണം. ആയിരം കോടി രൂപ വർഷം ജനങ്ങളിൽ നിന്ന് കൊള്ളയടിക്കാനുള്ള പദ്ധതിയാണിത്. സർക്കാരിന്റെ അഴിമതിക്ക് വേണ്ടി സാധാരണക്കാരന്റെ കീശ കൊള്ളയടിക്കുകയാണ്.