ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വീട് തകർന്നു. ചിന്നക്കനാൽ 301 കോളനിയിലാണ് വീണ്ടും കാട്ടാന ആക്രമണമുണ്ടായത്. കോളനിയിൽ താമസിക്കുന്ന ലീല ചന്ദ്രൻ്റെ വീടിന്‍റെ കതകും ഷെഡുമാണ് കാട്ടാന തകർത്തത്. ഇന്നലെ രാത്രിയാണ് സംഭവം.
ലീല മാത്രമാണ് ഇവിടെ താമസിക്കുന്നത്. കാട്ടാന ശല്യമുള്ളതിനാൽ മിക്ക ദിവസങ്ങളിലും ലീല സഹോദരിയുടെ വീട്ടിലാണ് കഴിയുന്നത്. ഇന്നലെയും ഇവർ വീട്ടിലില്ലാതിരുന്നതിനാൽ പരുക്കേൽക്കാതെ രക്ഷപെട്ടു. വീടിനോട് ചേർന്നുള്ള ഷെഡും അടുക്കളയുടെ കതകും ആന തകർത്തു.
ഇന്നലെ വൈകുന്നേരം ഈ ഭാഗത്ത് ചക്കക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയുണ്ടായിരുന്നു. ചക്കക്കൊമ്പനാണ് ആക്രമണം നടത്തിയത് എന്നാണ് സംശയിക്കുന്നത്. അരിക്കൊമ്പന്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല.