ഖര്‍ത്തൂം: സൈന്യവും അർധസൈനിക വിഭാഗവുമായുള്ള ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽ ഇന്ത്യൻ എംബസിക്ക് നേരെയും അക്രമം. എംബസി നിൽക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശിക്കരുതെന്ന കർശന നിർദേശത്തിനിടെയാണ് അക്രമം ഉണ്ടായിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കണമെന്ന് സുഡാൻ ഭരണകൂടത്തോട് ആവശ്യപ്പെടുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
അതേസമയം, സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ ഭീഷണി നേരിടുന്ന പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സുഹൃദ്രാഷ്ട്രങ്ങളുടെ സഹായം തേടി ഇന്ത്യ. യുഎസ്, യുകെ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചർച്ചകൾ നടത്തി.
സൗദി, യുഎഇ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങളുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഫോണിൽ ചർച്ച നടത്തി. സുഡാനിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ഈ രാജ്യങ്ങൾ ഉറപ്പ് നൽകിയിട്ടുണ്ട്.
യുഎസ്, യുകെ എന്നീ രാജ്യങ്ങളിലുള്ള നയതന്ത്ര ഉദ്യോഗസ്ഥർ ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തി. ഐക്യരാഷ്ട്ര സഭയുടെ സഹായം തേടിയിട്ടുണ്ടെന്നും സുഡാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാനായി ഡൽഹിയിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയെന്നും സർക്കാർ അറിയിച്ചു.
സുഡാനിലുള്ള ഇന്ത്യൻ പൗരന്മാരുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ വിദേശകാര്യ മന്ത്രാലയം പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഏറ്റുമുട്ടലുകളിൽ ഇതുവരെ 270 ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം. 2600ലധികം പേർക്ക് പരിക്കേറ്റു.
















