കൊച്ചി : ലുലു മാളില്‍ എത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് പാര്‍ക്കിങ്ങ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് കേരള ഹൈക്കോടതി. ബില്‍ഡിങ്ങ് റൂള്‍ പ്രകാരമുള്ള വിപുലമായ പാര്‍ക്കിങ്ങ് സ്ഥലമാണ് ലുലു മാളിലുള്ളത്. ഇതേ ബില്‍ഡിങ്ങിലെത്തുന്നവരുടെ വാഹന പാര്‍ക്കിങ്ങിനായി ഫീസ് ഈടാക്കുന്നത് നിയമപരമെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ വ്യക്തമാക്കി.
ഇടപ്പള്ളി ലുലു മാളില്‍ പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തിയതിനെതിരെ കളമശേരി സ്വദേശി ബോസ്കോ ലൂയിസ്, തൃശൂര്‍ സ്വദേശി പോളി വടക്കന്‍ എന്നിവര്‍ നല്കിയ ഹര്‍ജി തള്ളികൊണ്ടാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി.ലുലുമാളില്‍ പാര്‍ക്കിംഗ് സൗകര്യം നല്‍കേണ്ടത് ലുലുവിന്റെ നിയമപരമായ ബാധ്യതയാണെന്നും ഫീസ് പിരിക്കാനാകില്ലെന്നുമുള്ള ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. മറ്റൊരാളുടെ സ്ഥലം അനുമതിയില്ലാതെയും ഫീസ് നല്‍കാതെയും ഉപയോഗിക്കുക എന്നത് ആരുടേയും മൗലികാവകാശം അല്ലെന്ന് നഗര്‍ പഞ്ചായത്ത് കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയതാണെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചൂണ്ടികാട്ടി.
വാണിജ്യ സ്ഥാപനങ്ങളിലും ഷോപ്പിങ്ങ് മാളുകളിലും പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്ന കാര്യത്തില്‍ തീരുമാനം സ്ഥാപന ഉടമയുടേതാണെന്നും ഉപഭോക്താക്കളില്‍ നിന്ന് പാര്‍ക്കിംഗ് ഫീസ് പിരിക്കണോയെന്ന് കെട്ടിട ഉടമയ്ക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. കേരള മുന്‍സിപ്പാലിറ്റി ബില്‍ഡിംഗ് ചട്ടത്തില്‍ നിശ്ചിതയളവില്‍ പാര്‍ക്കിംഗ് ഏരിയ വേണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ടെങ്കിലും , ഇവിടെ ഫീസ് പിരിക്കുന്നതിന് വിലക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടികാട്ടി. മറ്റൊരു കേസില്‍ ഇക്കാര്യം നേരത്തെ ചൂണ്ടികാട്ടിയിട്ടുണ്ടെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ വ്യക്തമാക്കി.
മുന്‍സിപ്പാലിറ്റി ആക്ടിലെ 447 ആം ചട്ടം അനുസരിച്ച് അനുവദിച്ച പ്രവര്‍ത്തന ലൈസന്‍സില്‍ , പേ ആന്‍ഡ് പാര്‍ക്കിങ്ങും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. ലുലുമാളിന്റെ ബേസ്മെന്റ് പാര്‍ക്കിംഗ് ഏരിയയില്‍ ചട്ടപ്രകാരം 1083 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് വേണ്ടത്. ഈ ഏരിയയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് പിരിക്കാന്‍ നിയമതടസമില്ലെന്ന് കോടതി ചൂണ്ടികാട്ടി. നിലവില്‍ മുന്‍സിപ്പാലിറ്റി ആക്ടിലെ 447 പ്രകാരമുള്ള ലൈസന്‍സ് ലുലു മാളിനും മാളിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്ങിനുമുണ്ട്. മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗിന് കേരള മുന്‍സിപ്പാലിറ്റി നിയമത്തിലെ 475 പ്രകാരമുള്ള ലൈസന്‍സ് കൂടി എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.