തൃശൂര്‍: സംസ്ഥാനത്തുടനീളം സ്ഥാപിച്ച മോട്ടര്‍ വാഹന വകുപ്പിന്റെ 726 എഐ ക്യാമറകള്‍ നാളെ മുതല്‍ പിഴ ഈടാക്കും. ഒരുദിവസം 30000 പിഴ നോട്ടീസുകള്‍ അയക്കാനാകുമെന്ന് മോട്ടര്‍ വാഹന വകുപ്പ് അറിയിച്ചു.
2018ല്‍ ദേശീയപാതകളില്‍ ഉള്‍പ്പെടെ വേഗപരിധി വര്‍ധിപ്പിച്ചുകൊണ്ട് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും എ.ഐ ക്യാമറകള്‍ പിഴ ഈടാക്കുക 2014 ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമാണ്. ഇതുപ്രകാരം നാലുവരിപ്പാതകളില്‍ കാറുകളുടെ പരമാവധി വേഗപരിധി 90 കിലോമീറ്ററാണ്. എന്നാല്‍ കേന്ദ്ര വിജ്ഞാപന പ്രകാരം ഇത് 100 കിലോമീറ്ററാണ്. നാലുവരിപ്പാതകളില്‍ ഇരുചക്രവാഹനങ്ങള്‍ക്കു 80 കിലോമീറ്റര്‍ വേഗതയാര്‍ജിക്കാന്‍ കേന്ദ്ര വിജ്ഞാപനത്തില്‍ അനുവാദമുള്ളപ്പോള്‍ സംസ്ഥാന വിജ്ഞാപനത്തില്‍ ഇത് 70 കിലോമീറ്റാണ്. കൂടാതെ ചരക്കു വാഹനങ്ങള്‍ക്കു കേന്ദ്ര വിജ്ഞാപനത്തില്‍ 80 കിലോമീറ്റര്‍ വേഗപരിധിയും സംസ്ഥാന വിജ്ഞാപനത്തില്‍ 65 കിലോമീറ്ററുമാണ്.
അതേസമയം, എഐ ക്യാമറകള്‍ക്ക് പുറമെ അമിത വേഗത്തിലോടുന്ന വാഹനങ്ങളെ പിടികൂടാന്‍ ദേശീയ, സംസ്ഥാനപാതകളില്‍ മോട്ടര്‍ വാഹന വകുപ്പ് സ്ഥാപിച്ചിട്ടുള്ള മറ്റു നിരീക്ഷണ ക്യാമറകളും പിഴയീടാക്കുന്നത് ജിഒപി 20/2014 എന്ന സര്‍ക്കാര്‍ വിജ്ഞാപന പ്രകാരമാണ്. ഇതു പ്രകാരം വേഗപരിധി ലംഘിച്ചതിന്റെ പേരില്‍ വാഹന ഉടമകള്‍ പിഴയടച്ചു വലയുമ്പോഴും പുതുക്കിയ വിജ്ഞാപനമിറക്കി ആശയക്കുഴപ്പം മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. നേരത്തെ വേഗപരിധി സംബന്ധിച്ചു പാതകളില്‍ ഡിജിറ്റല്‍ അറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഇത് പ്രാബല്യത്തില്‍ കൊണ്ടുവരും മുമ്പേയാണ് എഐ ക്യാമറകള്‍ നാളെ മുതല്‍ പിഴ ഈടാക്കാന്‍ തുടങ്ങുന്നത്.
ക്യാമറകള്‍ വഴി കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനത്തിന്റെ വിവരം വാഹന ഉടമയുടെ മൊബൈല്‍ ഫോണിലേക്ക് അപ്പോള്‍ തന്നെ മെസേജ് ആയി ലഭിക്കും. അനധികൃത പാര്‍ക്കിങ്ങിന് 250 രൂപയാണു കുറഞ്ഞ പിഴ. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതിരുന്നാല്‍ 500 രൂപയും അമിതവേഗത്തിന് 1500 രൂപയുമാണു പിഴ ഈചാക്കുക. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതു പിടികൂടിയാല്‍ 2000 രൂപ പിഴ നല്‍കണം. ആംബുലന്‍സ്, ഫയര്‍ സര്‍വീസ് വാഹനങ്ങള്‍, മള്‍ട്ടി കളര്‍ ലൈറ്റുള്ള വാഹനങ്ങള്‍ എന്നിവയ്ക്ക് വഴി നല്‍കിയില്ലെങ്കില്‍ ക്യാമറകള്‍ പിടികൂടും. അനധികൃത പാര്‍ക്കിംഗിനും കോടതി കയറേണ്ടിവരും. അതായത് പിഴയൊടുക്കി രക്ഷപ്പെടാന്‍ സാധിക്കില്ല.