തൃശൂര്‍: തൃശൂര്‍ ചേലക്കര കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആണ് മര്ദനത്തിനിരയായത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ സന്തോഷ് തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവ് ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് ആശുപത്രി അധികൃതര്‍ സൂചിപ്പിക്കുന്നത്.
അതേസമയം, കേസില്‍ നാല് പേര്‍ അറസ്റ്റിലായി. വീടിന്റെ ഉടമയും അടയ്ക്ക വ്യാപാരിയുമായ അബ്ബാസ്, സഹോദരന്‍ ഇബ്രാഹിം, ബന്ധുവായ അല്‍ത്താഫ്, അയല്‍വാസി കബീര്‍ എന്നിവരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇന്നലെ അറസ്റ്റ് ചെയ്തത്. അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതികള്‍ യുവാവിനെ മര്‍ദിച്ചത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്ന് ചേലക്കര പൊലീസ് പറഞ്ഞു.