തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിലെ റിവ്യു ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. മാര്‍ച്ച് മുപ്പത്തൊന്നിലെ ഭിന്നവിധിക്ക് നിയമസാധുത ഇല്ലെന്നും വിധി പുനപരിശോധിക്കണമെന്നുമാണ് പരാതിക്കാന് ആര്.എസ്.ശശികുമാറിന്റെ ആവശ്യം. റിവ്യൂ ഹര്‍ജിക്ക് പിന്നാലെ രണ്ടരയ്ക്ക് ലോകായുക്ത ഫുള്‍ ബഞ്ചും കേസ് പരിഗണിക്കും.
അതേസമയം, കഴിഞ്ഞദിവസം പരാതിക്കാരനായ ആര്‍എസ് ശശികുമാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ലോകായുക്ത നടത്തിയത്. ശശികുമാറിന് ഞങ്ങളെ വിശ്വാസമില്ലെന്നാണ് പറയുന്നത്. വിശ്വാസമില്ലെങ്കില്‍ പിന്നെ എന്തിനാണ് കേസ് ഞങ്ങള്‍ പരിഗണിക്കുന്നതെന്ന് ലോകായുക്ത ചോദിച്ചു.
ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെയാണ് പറയുന്നത്. ഒരു കേസ് പരിഗണനയിലിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. പരാതിക്കാരന് ആള്‍ക്കൂട്ട അധിക്ഷേപം നടത്തുകയാണെന്നും ലോകായുക്ത കുറ്റപ്പെടുത്തി. ഒരു പേപ്പട്ടി വഴിയില്‍ നില്ക്കുമ്പോള് അതിന്റെ വായില്‍ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത്. അതുകൊണ്ടാണ് കൂടുതല്‍ ഒന്നും പറയാത്തതെന്നും ലോകായുക്ത അഭിപ്രായപ്പെട്ടു.