ബറേലി: ഗോമൂത്രത്തില്‍ മനുഷ്യ ശരീരത്തിന് ഹാനികരമാകുന്ന മാരക ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഗോമൂത്രം കുടിക്കുന്നത് ഉദരസംബന്ധമായ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇ കോളി സാന്നിധ്യമുള്ള 14 തരം ബാക്ടീരിയകളാണ് പശുവിന്റെ മൂത്രത്തില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ വെറ്റിറനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭോജ് രാജ് സിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് മാരകമായ ബാക്ടീരിയകളെ കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
മനുഷ്യന് ഒരിക്കലും ഉപയോഗിക്കാന്‍ സാധിക്കുന്നത് അല്ല ഗോമൂത്രമെന്നും ഉപഭോഗത്തിന് ഒരിക്കലും ശുപാര്‍ശ ചെയ്യാന്‍ സാധിക്കില്ലെന്നും പഠനസംഘം വ്യക്തമാക്കി. അതേസമയം, ബാക്ടീരിയക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ പോത്തിന്റെ മൂത്രം ഫലപ്രദമാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യത്യസ്ത തരത്തിലുള്ള 73 സാമ്ബിളുകളാണ് പരിശോധിച്ചത്. സഹിവാള്‍, തര്‍പാര്‍ക്കര്‍, വിന്ദവാനി എന്നീ ഇനത്തില്‍പ്പെട്ട പശുക്കളെയാണ് പഠനത്തിന് വിധേയമാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.