കൂവപ്പടി ജി. ഹരികുമാര്‍
ലോകത്തെ ഏറ്റവും വലിയ വാദ്യ വിസ്മയമേളങ്ങള് അലയടിക്കുന്ന തൃശ്ശൂര്‍ പൂരത്തിനായി നാടും നഗരവും കാത്തിരിയ്ക്കുമ്പോള്‍ സന്തോഷത്തിന്റെ ആഘോഷമാണ് പെരുമ്പാവൂര്‍ ചേരാനല്ലൂരിലെയും ആലുവ മഞ്ഞപ്പെട്ടിയിലെയും വടക്കിനി മാരാര്‍ ഗൃഹങ്ങളില്‍ കാണാനാകുന്നത്. പെരിയാര്‍ തീരത്തെ ചേരാനല്ലൂര്‍ ശിവക്ഷേത്രപരിസരങ്ങളില് നിന്നും കൊട്ടിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച് കേരളത്തിലെ അറിയപ്പെടുന്ന മേളക്കാരനായി മാറിയ ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടന്‍ മാരാര്‍ക്ക് തന്റെ എഴുപത്തിരണ്ടാം വയസ്സില്‍ ഭാഗ്യമായി കൈവന്നതാണ്, തൃശ്ശൂര്‍പൂരത്തിലെ തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണി പദം.
വെള്ളിയാഴ്ച ഈ വാര്‍ത്ത അറിഞ്ഞതോടെ ചേരാനല്ലൂര്‍ ശിവക്ഷേത്രത്തിലെ മേളാസ്വാദകര്‍ ആഘോഷത്തിമിര്‍പ്പിലാണ്. കഴിഞ്ഞവര്‍ഷം വരെ കിഴക്കൂട്ട് അനിയന് മാരാരുടെ സഹകാരിയായി പൂരത്തിന് തിരുവമ്പാടിക്കാര്ക്കുവേണ്ടി കൊട്ടിയിരുന്നു ശങ്കരന്‍കുട്ടന്‍. എന്നാല്‍ പാറമേക്കാവ് വിഭാഗത്തിന്റെ പ്രമാണിസ്ഥാനത്തു നിന്നും ഒരു വ്യാഴവട്ടത്തിനു ശേഷം പെരുവനം കുട്ടന്മാരാര് മാറ്റപ്പെട്ടതോടെ, കിഴക്കൂട്ടിന് ഇലഞ്ഞിത്തറയിലെ സ്ഥാനം ലഭിച്ചു. തിരുവമ്പാടിയുടെ മേളത്തലപ്പത്തേയ്ക്ക് ഒഴിവു വന്നപ്പോള്‍ ഭാഗ്യം ശങ്കരന്കുട്ടനു തുണയായി. ചേരാനല്ലൂര്‍ വടക്കിനി മാരാത്തെ സരസ്വതി അമ്മയുടെയും ഊരമന ഓലിയ്ക്കല്‍ മാരാത്തെ പരമേശ്വരക്കുറുപ്പിന്റെയും മകന് നാലു വയസ്സുമുതല്‍ ചെണ്ടക്കോല് കൈയിലെടുത്തതാണ്. എട്ടാം വയസ്സില്‍ തായമ്പക അരങ്ങേറി.
പതിമൂന്നില്‍ മേളവും. ചേരാനല്ലൂര്‍ കുട്ടപ്പമാരാരുടെ അനുഗ്രഹത്തോടെയാണ് പഠനം തുടങ്ങിയത്. മധ്യകേരളത്തിലെയും വടക്കന്‍ കേരളത്തിലെ യും എല്ലാ മേജര്‍ ക്ഷേത്രങ്ങളിലും പഞ്ചാരിയിലും പാണ്ടിയിലും തായമ്പകയിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ച വര്‍ഷങ്ങളാണ് കടന്നുപോയത്. തെക്കും വടക്കും ഉള്ള പ്രഗത്ഭരായ എല്ലാ മേളക്കാര്ക്കൊപ്പവും കൊട്ടിപ്പരിശീലിച്ചു തെളിഞ്ഞു വന്നതാണ് ശങ്കരന്കുട്ടന്റെ മേളം. തൃശ്ശൂര്‍ പൂരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ചാലക്കുടിപ്പുഴയ്ക്ക് തെക്കുഭാഗത്തു നിന്നും ഒരാള്‍ മേളപ്രമാണി പദത്തിലേയ്ക്ക് പരിഗണിക്കപ്പെടുന്നത് എന്നതില്‍ മധ്യകേരളത്തിലെ മേളാസ്വാദകര്ക്കാണ് ഏറെ സന്തോഷവും അഭിമാനവും. പാറമേക്കാവ് ഇലഞ്ഞിത്തറമേളത്തില്‍ മുന്‍വര്‍ഷങ്ങളില്‍ പെരുവനത്തോടൊപ്പം കൊട്ടിത്തുടങ്ങിയതോടെയാണ് ശങ്കരന്‍കുട്ടന്‍ കൂടുതല്‍ ശ്രദ്ധിയ്ക്കപ്പെട്ടു തുടങ്ങിയത്.
അങ്ങനെ വാദ്യകുലപതി പട്ടവും വീരശൃംഘലകളും നിരവധി അംഗീകാരങ്ങളും സ്വന്തമായി. മേളാസ്വാദകരെ കയ്യിലെടുക്കുന്ന ആംഗിക, ശിരോചലനങ്ങളിലൂടെ താളവട്ടങ്ങള്‍ പൂര്‍ത്തിയാക്കി കൊട്ടിക്കയറുന്ന ശങ്കരമാരാര്‍ ശൈലി ആസ്വാദകര്ക്കേറെയിഷ്ടമാണ്. എറണാകുളം ജില്ലയില്‍ നൂറു കണക്കിന് ശിഷ്യസമ്പത്ത് മാരാര്‍ക്കുണ്ട്. 2019-ല്‍ തോട്ടുവാ ശ്രീധന്വന്തരിഗ്രാമത്തില് വച്ച് ചലച്ചിത്രനടന്‍ ജയറാം ഇദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. ആലുവ മഞ്ഞപ്പെട്ടിയിലാണ് മാരാര്‍ ഇപ്പോള്‍ താമസം. ഭാര്യ പരേതയായ ശാന്തകുമാരി. മേളകലയില്‍ അച്ഛനോടൊപ്പം സജീവമായി മകന് ഉണ്ണികൃഷ്ണമാരാരും ഉണ്ട്. രേണുകയാണ് മകള്‍.