ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു ജയിൽ മോചിതനായി. പത്തു മാസത്തെ ജയിൽ വാസത്തിനുശേഷം പട്യാല ജയിലിൽ നിന്നാണ് പുറത്തിറങ്ങിയത്. 34 വർഷം മുൻപത്തെ കൊലപാതകക്കേസുമായി ബന്ധപ്പെട്ടായിരുന്നു ശിക്ഷ. ശിക്ഷാകാലാവധി പൂര്‍ത്തിയാകാന്‍ രണ്ടുമാസംകൂടി ബാക്കിനില്‍ക്കെയാണ് മോചനം.
ശനിയാഴ്ച വൈകുന്നേരം 5.53ന് അദ്ദേഹം ജയിലിൽനിന്നും പുറത്തെത്തി. രാവിലെ മുതൽ പുറത്തുകാത്തുനിന്ന അനുയായികൾ മുദ്രാവാക്യം വിളിച്ചാണ് സിദ്ദുവിനെ ജയലിനു പുറത്തേക്ക് ആനയിച്ചത്. അമൃത്സർ എംപി ഗുർജിത് ഔജ്ല, പഞ്ചാബ് കോൺഗ്രസ് മുൻ മേധാവികളായ ഷംഷേർ സിംഗ് ദുളോ, മൊഹീന്ദർ സിംഗ് കയ്പീ, ലാൽ സിംഗ്, മുൻ എംഎൽഎ നവതേജ് സിംഗ് ചീമ, നേതാക്കളായ അശ്വനി സെഖ്രി, സുഖ്വീന്ദർ സിംഗ് ഡാനി തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കളും ജയിൽ കവാടത്തിൽ എത്തിയിരുന്നു.
ജനാധിപത്യം ചങ്ങലയിൽ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന് ജയിൽ മോചിതനായശേഷം സിദ്ദു പറഞ്ഞു. പഞ്ചാബ് രാജ്യത്തിന്റെ കവചമാണ്. രാജ്യത്ത് ഏകാധിപത്യം വന്നപ്പോൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വിപ്ലവവും വന്നുവെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ വർഷമാണ് സിദ്ദുവിന് സുപ്രീം കോടതി ജയിൽ ശിക്ഷ വിധിച്ചത്. 1988 ഡിസംബർ 27-നാണ് സിദ്ദുവും സുഹൃത്തും ചേർന്ന് അറുപത്തിയഞ്ചുകാരനായ ഗുർനാം സിംഗിനെ വധിച്ചത്. പാർക്കിംഗ് സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഗുർനാമിനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. പിന്നീട് ഗുർനാം ആശുപത്രിയിൽ മരിച്ചു.
2018-ൽ കേസ് പരിഗണിച്ച സുപ്രീംകോടതി 1,000 രൂപ പിഴ ഒടുക്കാനാണ് നിർദേശിച്ചത്. എന്നാൽ പിന്നീട് സുപ്രീംകോടതിതന്നെ വിധി പുനപരിശോധിക്കുകയും സിദ്ദുവിന് തടവുശിക്ഷ വിധിക്കുകയുമായിരുന്നു.