കൂവപ്പടി ജി. ഹരികുമാർ
പേഴയ്ക്കാപ്പിള്ളി: അരുന്ധതി സുബ്രഹ്മണ്യന്റെ ചിത്രങ്ങളിൽ ഒരു അതിജീവതയുടെ മനക്കരുത്തിൽ നിന്നും വിടരുന്ന വർണ്ണവിസ്മയം നിങ്ങൾക്കു കാണാനാകും. അവൾക്ക് ജന്മനാ കേൾവിശേഷിയുമില്ല, സംസാരശേഷിയുമില്ല.
എങ്കിലും ദാരിദ്ര്യത്തിന്റെ ജീവിതക്യാൻവാസിനു മുമ്പിൽ പകച്ചു നിൽക്കാതെ സപ്തവർണ്ണങ്ങളും ചാലിച്ച് ചിത്രമെഴുതാനുള്ള ശേഷി ദൈവം അവൾക്കു സമ്മാനിച്ചിരുന്നു. അതിൽ തൃപ്തികണ്ടെത്തി, മൂവാറ്റുപുഴ പേഴ്യ്ക്കാപ്പള്ളിയിലെ അസൗകര്യങ്ങളുടെ വാടകവീട്ടിൽ വരകളുടെ ലോകം സജീവമാക്കുകയാണ് അരുന്ധതി സുബ്രഹ്മണ്യൻ എന്ന ചിത്രകാരി.
മ്യൂറലുകളോടാണേറെയിഷ്ടം. വരാഹമൂർത്തിയും നരസിംഹാവതാരവും ശിവകുടുംബവുമൊക്കെ അക്രിലിക് ചായക്കൂട്ടുകളിൽ ക്ലാസ്സിയ്ക്കൽ മ്യൂറൽ ശൈലിയിൽ വരയ്ക്കാൻ തന്നെ പ്രാപ്തയാക്കിയത് കാലടി ശ്രീശങ്കരാചാര്യ സർവ്വകലാശാലയിലെ ബി.എഫ്.എ. ചുമർച്ചിത്രകലാപഠനമാണെന്ന് ആംഗ്യഭാഷയിലൂടെ അവൾ പറഞ്ഞുതന്നു.
പ്രകൃതിജന്യ നിറങ്ങൾ ഉപയോഗിച്ചു ചുവരുകളിൽ മ്യൂറൽ പെയിന്റിംഗുകൾ തീർക്കണമെന്ന് അരുന്ധതി ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ചുവരുകളില്ല, ചിത്രമെഴുതാൻ എന്നത് സങ്കടമാകുന്നുണ്ട്. അവസരം കിട്ടിയാൽ ക്ഷേത്രച്ചുവരുകളിൽ ചിത്രം വരച്ചു നൽകാൻ അരുന്ധതി തയ്യാറാണ്. ജീവിതാസൗകര്യങ്ങളിൽ പേഴയ്ക്കാപ്പള്ളിയിലെ വാടകവീട്ടിൽ ഇരുന്ന് ചുവർച്ചിത്രങ്ങൾ കടലാസിലും കട്ടിയുള്ള തുണികളിലും വരയ്ക്കുകയാണിപ്പോൾ. പാലാ സ്വദേശികളായ കാവാലത്തുപറമ്പിൽ സുബ്രഹ്മണ്യന്റെയും സുമിതയുടെയും മകളാണ് അരുന്ധതി. മകളുടെ പഠനം കൂടി ലക്ഷ്യമാക്കിയാണ് മൂവാറ്റുപുഴയിലെത്തിയത്. അച്ഛനും അമ്മയും കൂലിപ്പണിയെടുത്താണ് അരുന്ധതിയെ പഠിപ്പിക്കുന്നത്.
ഫാഷൻ ഡിസൈനിംഗിലും ബിരുദമുള്ള ഈ മിടുക്കിയുടെ പ്രതിഭാശേഷി കണ്ടറിഞ്ഞ് തൊഴിലവസരം നൽകുവാൻ തയ്യാറുള്ളവർ മുന്നോട്ടു വന്നാൽ ഈ ദരിദ്രകുടുംബം രക്ഷപ്പെടും. സർവ്വകലാശാലയിലെ ബിരുദപഠനശേഷം ഇതുവരെ വരച്ച നൂറുകണക്കിന് ചിത്രങ്ങളുമായി ഒരു പ്രദർശനം നടത്തണമെന്ന മോഹം ഉള്ളിൽ കൊണ്ടുനടക്കുകയാണ് അരുന്ധതി. ആരുമറിയാതെ പോയ ഈ കലാകാരിയെ ആദരിക്കുന്നതിനായി പായിപ്ര ഗ്രാമപ്പഞ്ചായത്തിലെ പതിനെട്ടാം വാർഡ് നവജീവന കുടുംബശ്രീയംഗങ്ങൾ ഈയടുത്തയിടെ ഒരു ചടങ്ങു സംഘടിപ്പിച്ചിരുന്നു.