കൂവപ്പടി ജി. ഹരികുമാര്‍
‘അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍’ മലയാളത്തില്‍ ‘മാമ്പഴം’ എന്ന കാവ്യരചനയ്ക്കായി, അദ്ധ്യാപകനായിരുന്ന മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന് ആശയം മനസ്സിലുദിച്ചയിടമാണ് എറണാകുളം ജില്ലയിലെ മുളന്തുരുത്തി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍.
മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണതകളെയും ജീവിതാനുഭവങ്ങളെയും അഗാധമായ ഉള്‍ക്കാഴ്ചയോടെ സമീപിച്ച വൈലോപ്പിള്ളി മാഷിന്റെ ഓര്‍മ്മകളുമായി ഒരു നാട്ടുമാവ് ഇന്നും സ്‌കൂള്‍ അങ്കണത്തില്‍ നിഴല്‍വീഴ്ത്തി നില്‍ക്കുന്നുണ്ട്. അമ്മയും കുഞ്ഞും കാവ്യബിംബങ്ങളായ ‘മാമ്പഴത്തെ’ അനുവാചകര്‍ നെഞ്ചുവിങ്ങുന്ന അനുഭവമായാണ് വായിച്ചെടുത്തത്. വൈലോപ്പിള്ളിയുടെ കവിതയ്ക്ക് ആശയബീജങ്ങളായിത്തീര്‍ന്ന, അമ്മയേയും കുഞ്ഞിനേയും ശില്പരൂപത്തില്‍ സ്ഥാപിച്ചിരിക്കുകയാണ് മുളന്തുരുത്തി ഹയര്‍സെക്കന്ററി സ്‌കൂള്‍ അങ്കണത്തില്‍ ഇപ്പോള്‍. എറണാകുളം ജില്ലാപഞ്ചായത്താണ് വൈലോപ്പിള്ളിയുടെ ഓര്‍മ്മയ്ക്കായി ശില്പം ഇവിടെ സ്ഥാപിയ്ക്കാന്‍ മുന്‍കൈയെടുത്തത്.
1936-ല്‍ ഇരുപത്തഞ്ച് വയസ്സുള്ള ശ്രീധരമേനോന്‍ മുളന്തുരുത്തി സ്‌കൂളില്‍ ബയോളജി അദ്ധ്യാപകനായിരിയ്‌ക്കെയാണ് മാമ്പഴത്തിന്റെ ജനനം. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വാര്‍ഷികപ്പതിപ്പിനായി ഒരു കവിത വേണമെന്ന് പത്രാധിപര്‍ ആവശ്യപ്പെട്ടു. ആ ചിന്തകളുമായി സ്‌കൂള്‍ വരാന്തയില്‍ ഉലാത്തുമ്പോള്‍, മുറ്റത്തെ മാവ് കണ്ണിലുടക്കി.
വൈലോപ്പിള്ളിയെക്കൊണ്ട് ‘മാമ്പഴം’ എഴുതിച്ചത് ആ മാവാണത്രെ. കവിയുടെ മനസ്സില്‍ നൊമ്പരമായി തന്റെ അകാലത്തില്‍ മരിച്ചു പോയ കുഞ്ഞനുജന്റെ ചിത്രം തെളിഞ്ഞു. ഒരിക്കല്‍ തന്റെ വീട്ടുമുറ്റത്തെ മാവിന്റെ പൂങ്കുല ഒടിച്ചെടുത്ത അനുജനെ അമ്മ തല്ലിയതും മാവില്‍ മാമ്പഴമുണ്ടായപ്പോള്‍ അത് തിന്നാന്‍ അവനില്ലല്ലോ എന്നോര്‍ത്ത് അമ്മ ദുഃഖിച്ചതുമെല്ലാം കവിയുടെ മനസ്സിലൂടെ കടന്നുപോയതോടെ ഒരു മഹാകാവ്യം മുളന്തുരുത്തിയില്‍ പിറവിയെടുക്കുകയായിരുന്നുവെന്നത് ചരിത്രം.