ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടി വെക്കുന്നതിന് മുന്നോടിയായുള്ള മോക്ഡ്രിൽ നാളെ ഉണ്ടാവില്ല. കേസ് കോടതിയുടെ പരിഗണനയിലാതിനാലാണ് തീരുമാനം.
അതേസമയം അരിക്കൊമ്പനെ പിടികൂടാൻ എട്ടു സംഘങ്ങളായുള്ള ദൗത്യസംഘത്തെ നിയോഗിച്ചു. കോടതി വിധി നാളെ അനുകൂലമാണെങ്കില്‍ മറ്റന്നാള്‍ രാവിലെ നാല് മണി മുതല്‍ ദൗത്യം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ആരംഭിക്കും.
പെരിയ കനാൽ എസ്റ്റേറ്റ് മേഖലയിലേക്ക് അരിക്കൊമ്പൻ തിരികെ പോകാതിരിക്കാനുള്ള നടപടി വനം വകുപ്പ് തുടങ്ങി. താത്കാലിക റേഷന്‍ കട ഉണ്ടാക്കാന്‍ തീരുമാനിച്ചിരുന്ന സ്ഥലത്താണ് നിലവില്‍ ആനയുള്ളത്. ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ആക്രമണകാരിയായ കാട്ടാനയെ കൂട്ടിലാക്കാൻ വനം വകുപ്പ് എട്ട് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.
2005 മുതൽ 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തിട്ടുണ്ടെന്നാണ് വനം വകുപ്പിൻ്റെ കണക്ക്. ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിലായി 29 പേരാണ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. നൂറിലധികം പേരുടെ ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷിയും ആന നശിപ്പിച്ചിട്ടുണ്ട്. അക്ഷയ സെൻ്റർ വഴി അപേക്ഷ
സമർപ്പിച്ചവരുടെ മാത്രം എണ്ണമാണുൾപ്പെടുത്തിയിട്ടുള്ളത്. ഇതു സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരവും കോടതിക്ക് കൈമാറും.
സി.സി.എഫു മാരായ നരേന്ദ്ര ബാബു, ആർ.എസ് അരുൺ എന്നിവരുടെ നേതൃത്വത്തിലായിരിക്കും അരിക്കൊമ്പനെ മയക്ക് വെടി വെക്കുന്ന ദൗത്യം നടക്കുക. എട്ട്
സംഘങ്ങളുടെയും ചുമതലകൾ ഡോക്ടർ അരുൺ സഖറിയ വിശദീകരിച്ചു. ദൗത്യത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും പരിചയപ്പെടുത്തി. ഓരോ സംഘത്തിൻറെ
തലവന്മാർ നിൽക്കേണ്ട സ്ഥലവും നിശ്ചയിച്ചു. അരിക്കൊമ്പനെ മയക്ക് വെടി വച്ചാൽ കൊണ്ടുപോകാനുള്ളവാഹനവും തയ്യാറാണ്.