കൂവപ്പടി ജി. ഹരികുമാർ
തൃക്കാരിയൂർ: പാണ്ടിയുടെ കൊലുമ്പലിനോടൊപ്പവും പഞ്ചാരിയുടെ മധുരഗാംഭീര്യ ചെമ്പടവട്ടങ്ങളിലും ശ്രീലേഖ വാരപ്പെട്ടിയുടെ കുറുങ്കുഴൽ നാദം, ലയഭംഗിതീർത്ത ഉത്സവദിനങ്ങളായിരുന്നു കോതമംഗലം തൃക്കാരിയൂർ ശ്രീമഹാദേവക്ഷേത്രത്തിൽ ഇത്തവണയും. മേളക്കാരായ പുരുഷപ്രജകൾക്കിടയിൽ സെറ്റുമുണ്ടും ധരിച്ചു നിൽക്കുന്ന ശ്രീലേഖയുടെ വളയിട്ട കൈകളിലെ കുറുങ്കുഴലിൽ നിന്നുമുയർന്ന രാഗലയം മേളപ്രിയർ അറിഞ്ഞാസ്വദിച്ചു.
കുറച്ചു കാലങ്ങളായി തൃക്കാരിയൂരപ്പന്റെ മണ്ണിലെ ഉത്സവമേളത്തിലെ പതിവുകാരിയാണ് ശ്രീലേഖ. മാരാർ സമുദായത്തിൽപ്പെട്ട ശ്രീലേഖയ്ക്ക് പാരമ്പര്യജന്യമായിക്കിട്ടിയതാണ് ക്ഷേത്രകല. ഇലത്താളം വായനക്കാരനായ അച്ഛൻ സുകുമാരൻ മാരാരും വല്ല്യച്ഛനും കുടുംബക്കാരുമെല്ലാം പരമ്പരകളായി മേളക്കാരാണ്. ശാസ്ത്രീയസംഗീതപദ്ധതിയിലെ ചിലരാഗങ്ങളെ പിൻതുടരുന്ന സുഷിരവാദ്യങ്ങളിലൊന്നായ കുറുങ്കുഴൽ വായിക്കാൻ പഠിച്ചെടുത്തതു മുതൽ എറണാകുളം ജില്ലയിലെ കിഴക്കൻ ദിക്കുകളിൽ ക്ഷേത്രോത്സവങ്ങൾക്കും പൂരങ്ങൾക്കും പോയിത്തുടങ്ങിയതാണ് ശ്രീലേഖ. ഈ രംഗത്ത് സ്ത്രീകൾ അപൂർവ്വമായി മാത്രമുള്ളതിനാൽ ആസ്വാദകർക്ക് കൗതുകം കൂടിയാണ് ഈ കലാകാരിയുടെ സാന്നിദ്ധ്യം.
കുട്ടിക്കാലം മുതൽ ക്ഷേത്രവാദ്യകലകളോട് ആഭിമുഖ്യം ഉണ്ടായിരുന്നുവെന്ന് ശ്രീലേഖ പറഞ്ഞു. ആദ്യം പഠിപ്പിച്ചത് ചെണ്ട. ഇടന്തല കൊട്ടലും ഇലത്താളവും പഠിച്ച് ഇരുപത്തഞ്ചാമത്തെ വയസ്സിൽ അരങ്ങേറ്റം. ‘പഞ്ചാരി തുടങ്ങിയാൽ പത്തു നാഴിക’ എന്ന പഴഞ്ചൊല്ല് പോലെ എത്ര മണിക്കൂറുകൾ വേണമെങ്കിലും പുരുഷന്മാർക്കൊപ്പം മേളത്തിൽ നിലയുറപ്പിയ്ക്കാൻ ശ്രീലേഖയ്ക്കാവും. തൃക്കാരിയൂരിൽ രണ്ടുവർഷമായി പാണ്ടിമേളത്തിന് കുറുങ്കുഴൽ വായിക്കുന്നുണ്ട്. പെരുമ്പാവൂർ സന്തോഷാണ് കുറുങ്കുഴൽ വായന പഠിപ്പിച്ചത്. ഇപ്പോൾ ഇടയ്ക്കയിലും പരിശീലനം നടന്നുകൊണ്ടിരിക്കുന്നു.
കാക്കനാട് ഇൻഫോപാർക്കിൽ ഉദ്യോഗസ്ഥനായ അനുജൻ ശ്രീഹരിയും ഇടയ്ക്ക പരീശീലിക്കുന്നുണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി നോക്കുന്ന ശ്രീലേഖ ഉത്സവകാലത്തു മാത്രമാണ് ഇപ്പോൾ കുറുങ്കുഴലുമായി വായനക്കിറങ്ങുന്നത്. വാരപ്പെട്ടി മഞ്ചേപ്പിള്ളിൽ വീട്ടിൽ അമ്മ എം.വി. മല്ലികയോടൊപ്പമാണ് താമസം.