വേറിട്ട അഭിനയ ശൈലികൾ കൊണ്ട് 5 പതിറ്റാണ്ടോളം 500ലധികം സിനിമകിളിൽ നമ്മളെ ചിരിപ്പിച്ച, കണ്ണ് നനയിച്ച ഇന്നസെന്റ് മലയാള സിനിമ ലോകത്തെ വിട്ടു പിരിഞ്ഞിരിക്കുന്നു. മലയാളത്തിന് ഒരായുസ്സ് ഓർത്തോർത്ത് പൊട്ടിച്ചിരിക്കാനുള്ള വക നൽകിയാണ് ഇന്നസെന്റ് എന്ന മഹാനടൻ അരങ്ങൊഴിഞ്ഞത്.
തൃശ്ശൂർ ശൈലിയിലുള്ള സംഭാഷണം കൊണ്ടും സ്വതസിദ്ധമായൊരു അഭിനയശൈലി കൊണ്ടും സിനിമാ ലോകത്തില്‍ സിനിമ ലോകത്തില്‍ തന്‍റെതായ വ്യക്തിമുദ്ര പതിപിച്ച നടനായിരുന്നു ഇന്നസെന്റ്. അരനൂറ്റാണ്ട് കാലം ചെയ്ത റോളുകളിലെല്ലാം അസാമാന്യ രീതിയിൽ തിളങ്ങിയ ഇന്നസെന്റ് നടനും നിർമാതാവും എഴുത്തുകാരനും ഗായകനും രാഷ്ട്രീയക്കാരനുമായെല്ലാം ശ്രദ്ധേയനായ വ്യക്തിത്വമാണ്. സത്യന്‍ അന്തിക്കാട്, ഫാസില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍ സിനിമകളിലെ ഇന്നസെന്റിന്റെ കഥാപാത്രങ്ങള്‍ ഏറെ ജനപ്രിയമാണ്.
ആദ്യ കാല ജീവിതം
തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28ന് ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷണല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്.എന്‍.എച്ച്.സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. എട്ടാം ക്ലാസ് വരെ മാത്രം പഠിച്ച അദ്ദേഹം അതിനു ശേഷം മദ്രാസിലേക്ക് വണ്ടി കയറി. തുടർന്ന് തന്റെ ബന്ധുക്കളോടൊപ്പം ദാവൺഗരെയിൽ കുറച്ചുകാലം ഒരു തീപ്പെട്ടിക്കമ്പനി നടത്തി. അക്കാലത്ത് ദാവൺഗരെയിലുള്ള കേരള സമാജത്തിന്റെ പ്രോഗ്രാമുകളിൽ അവതരിപ്പിക്കുന്ന നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു. പിന്നീട് സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവായി ജോലി നോക്കി. ആ സമയത്ത് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു.
ചലച്ചിത്ര രംഗത്ത്
1972ൽ ഇറങ്ങിയ നൃത്തശാലയായിരുന്നു ഇന്നസെന്റിന്റെ ആദ്യസിനിമ. തുടർന്ന് ഉർവശി ഭാരതി, ഫുട്ബോൾ ചാമ്പ്യൻ, ജീസസ്, രാമു കാര്യാട്ടിന്റെ നെല്ല് തുടങ്ങിയ ചില സിനിമകളിൽ വേഷമിട്ടു. തുടർന്ന്, ദാവൺഗരെയിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് തിരികെയെത്തിയ ഇന്നസെന്റ് നാട്ടിൽ ചില ബിസിനസുകൾ ചെയ്യുകയും രാഷ്ട്രീയപ്രവർത്തനത്തിലേക്ക് കാലെടുത്തു വയ്ക്കുകയും ചെയ്തു. 1979 ൽ ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലറായി ഇന്നസെന്റ് തെരഞ്ഞെടുക്കപ്പെട്ടു.
1986 മുതലാണ് ഇന്നസെന്റ് സിനിമ മേഖലയിൽ സജീവമാകാൻ തുടങ്ങിയത്. 1989ല്‍ ഇറങ്ങിയ റാംജിറാവു സ്പീക്കിങ് ആണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. റാംജിറാവുവിലെ മാന്നാർ മത്തായി എന്ന മുഴുനീള കോമഡി-കേന്ദ്ര കഥാപാത്രം വലിയ ജനപ്രീതി നേടുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. തുടർന്ന് ഗജകേസരി യോഗം, ഗോഡ് ഫാദർ, കിലുക്കം, വിയ്റ്റ്നാം കോളനി, ദേവാസുരം, കാബൂളിവാല… എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും അവയെല്ലാം പ്രേക്ഷക പ്രീതി നേടുകയും ചെയ്തു.
പ്രേം നസീറിനെ കാണ്മാനില്ല, കാതോടു കാതോരം, അയനം, രേവതിക്കൊരു പാവക്കുട്ടി, ധീം തരികിട ധോം, നാടോടിക്കാറ്റ്, കടിഞ്ഞൂല്‍ കല്യാണം, മിമിക്‌സ് പരേഡ്, പൂക്കാലം വരവായി, ഉള്ളടക്കം, കനല്‍ക്കാറ്റ്, ഉത്സവമേളം, മക്കള്‍ മാഹാത്മ്യം, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും, മണിച്ചിത്രത്താഴ്, മഴവില്‍ക്കാവടി, കിലുക്കം, കാബൂളിവാല, ഗോഡ്ഫാദര്‍, റാംജി റാവു സ്പീക്കിംഗ്, മാന്നാര്‍ മത്തായി സ്പീക്കിങ്, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, കോട്ടയം കുഞ്ഞച്ചന്‍, ദേവാസുരം, കിലുക്കം, മിഥുനം, നമ്പര്‍ 20 മദ്രാസ് മെയല്‍, ഡോക്ടര്‍ പശുപതി, പൊന്‍മുട്ടയിടുന്ന താറാവ്, മൈ ഡിയര്‍ മുത്തച്ഛന്‍, വിയറ്റ്‌നാം കോളനി, ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം, കിഴക്കന്‍ പത്രോസ്, പവിത്രം, പിന്‍ഗാമി, പൈ ബ്രദേഴ്‌സ്, തൂവല്‍കൊട്ടാരം, അഴകിയ രാവണന്‍, ചന്ദ്രലേഖ, അയാള്‍ കഥയെഴുതുകയാണ്, ഗജകേസരി യോഗം, സന്ദേശം, കുടുംബ കോടതി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കാക്കക്കുയില്‍, ചിന്താവിഷ്ടയായ ശ്യാമള, ഹരികൃഷ്ണന്‍സ്, വിസ്മയം, രാവണപ്രഭു, ഹിറ്റ്‌ലര്‍, സ്‌നേഹിതന്‍, മനസ്സിനക്കരെ, കല്യണരാമന്‍, നന്ദനം, വെട്ടം, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വേഷം, തസ്‌കര വീരന്‍, ക്രോണിക്ക് ബാച്ചിലര്‍, തുറുപ്പുഗുലാന്‍, രസതന്ത്രം, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ സിനിമാപ്രേമികളുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്.
മാലാമാല്‍ വീക്കിലി (ഹിന്ദി), ശിക്കാരി (കന്നട), ലേസാ ലേസാ (തമിഴ്) എന്നീ അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. സത്യന്‍ അന്തിക്കാടിന്റെ മഴവില്‍ കാവടി എന്ന സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പത്താം നിലയിലെ തീവണ്ടി എന്ന സിനിമയിലെ അഭിനയത്തിന് 2009 ല്‍ കേരള സംസ്ഥാന ക്രിട്ടിക് പുരസ്‌കാരം ലഭിച്ചു.
കാന്‍സര്‍ വാര്‍ഡിലെ ചിരി
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ നടന്‍ എന്നതിനപ്പുറം അതിജീവനപ്പോരാളി കൂടിയായിരുന്നു ഇന്നസെന്റ്. 2013 ലാണ് ഇന്നസെന്റിന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. അര്‍ബുദരോഗമുക്തിക്ക് പിന്നാലെ അര്‍ബുദ അവബോധരംഗത്തും ശ്രദ്ധേയനായി. അര്‍ബുദ അതിജീവനത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ പ്രതിപാദിക്കുന്ന കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന അനുഭവസാക്ഷ്യം നിരവധി പേരുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനമാണു ചെലുത്തിയത്. മഴക്കണ്ണാടി (കഥകള്‍), ഞാന്‍ ഇന്നസെന്റ്, ചിരിക്ക് പിന്നില്‍ (ആത്മകഥ), കാലന്റെ ഡല്‍ഹിയാത്ര അന്തിക്കാട് വഴി എന്നീ പുസ്തകങ്ങളും രചിച്ചു.
രാഷ്ട്രീയ ജീവിതം
2014ൽ മേയിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിച്ചാണ് എം പി സ്ഥാനത്തേയ്ക്ക് എത്തിയത്. എം പിയായപ്പോൾ പാർട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല താൻ ശ്രമിച്ചതെന്നും അഞ്ചിടത്ത് കാൻസർ പരിശോധന സംവിധാനങ്ങൾ സ്ഥാപിച്ചുവെന്നും അദ്ദേഹം ഒരിക്കൽ വ്യക്തമാക്കിയിരുന്നു. പിന്നീട് 2019ൽ ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ ‘അമ്മയുടെ’ പ്രസിഡന്റായും 17 വർഷം പ്രവർത്തിച്ചു.
പുരസ്കാരങ്ങള്‍
750ലധികം സിനിമകളിൽ അഭിനയിച്ച ഇന്നസെന്റ് നിരവധി ചലച്ചിത്ര പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു. 1989ൽ മഴവിൽക്കാവടി എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. 1981ൽ വിട പറയും മുൻപേ എന്ന ചിത്രത്തിന് നിർമാതാവ് എന്ന നിലയിൽ പുരസ്‌കാരം ലഭിച്ചു. 2009ൽ പത്താം നിലയിലെ തീവണ്ടി എന്നി ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം, നിരവധി തവണ ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ, 2004ൽ മികച്ച സഹനടനുള്ള ഫിലിം ഫെയർ അവാർഡ്, 2008ൽ ദുബായിലെ വാർഷിക മലയാളം സിനിമാ പുരസ്‌കാരം, 2013ൽ ഏഷ്യാനെറ്റ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, 2013ൽ വനിതാ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് തുടങ്ങിയവയും സ്വന്തമാക്കിയിരുന്നു.