കോട്ടയം: കുമരകത്ത് ഡ്രോണ്‍ പറത്തുന്നത് നിരോധിച്ചു. ജി-20 ഉച്ചകോടിയുടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. മാർച്ച് 29 മുതല്‍ ഏപ്രില്‍ 10 വരെയാണ് നിരോധനം.
ജി-20 ഉച്ചകോടിയോട് അനുബന്ധിച്ച് കുമരകവും പരിസരവും റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് ഡ്രോണ്‍ റൂള്‍സ് 2021 പ്രകാരം കുമരകത്തും പരിസരപ്രദേശങ്ങളിലുമായി അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ പറത്തുന്നത് നിരോധിച്ചത്.
ഡ്രോണുകള്‍, റിമോട്ട് കണ്ട്രോള്ഡ് എയര്‍ക്രാഫ്റ്റ്, മറ്റ് എയര്‍ ബലൂണുകള്‍ എന്നിവയും ഈ പരിധിയില്‍ വരുന്നതാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് പറഞ്ഞു.