ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 21 റൺസിനാണ് ഓസ്ട്രേലിയയുടെ ജയം. ഓസ്ട്രേലിയ മുന്നോട്ടുവച്ച 270 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 248 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. ജയത്തോടെ ഓസ്ട്രേലിയ പരമ്പര നേടി. 54 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി ആദം സാമ്പ 4 വിക്കറ്റ് വീഴ്ത്തി.
നാലു വിക്കറ്റ് വീഴ്ത്തിയ ആദം സാംബയാണ് ഇന്ത്യയുടെ നടുവൊടിച്ചത്. ആസ്റ്റൺ ആഗർ രണ്ടും സീൻ അബോട്ട്, സ്‌റ്റോണിസ് എന്നിവർ ഒന്നും വിക്കറ്റ് വീഴ്ത്തി. ഗിൽ, കെ.എൽ രാഹുൽ, ഹർദിക് പാണ്ഡ്യ എന്നിവരുടെ വിക്കറ്റാണ് സാംബ വീഴ്ത്തിയത്. കോഹ്‌ലിയെയും സൂര്യകുമാറിനെയും ആസ്റ്റൺ ആഗർ മടക്കിയയച്ചു. അവസാനത്തിൽ ഒരു സിക്‌സും ഫോറുമടിച്ച് പ്രതീക്ഷ നൽകിയ ഷമിയെ സ്‌റ്റോണിസ് പുറത്താക്കി. അക്‌സറിനെ സ്മിത്ത് റണ്ണൗട്ടാക്കുകയായിരുന്നു. കുൽദീപിനെ സ്‌റ്റോണിസും റണ്ണൗട്ടാക്കി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49 ഓവറിൽ 269 റൺസിന് ഓൾ ഔട്ടായി. സ്റ്റീവ് സ്‌മിത്ത് ഒഴികെ ഓസീസ് നിരയിൽ എല്ലാവരും ഇരട്ടയക്കം കടന്നു. എന്നാൽ, ആർക്കും ഫിഫ്റ്റി നേടാനായില്ല. 47 റൺസ് നേടിയ മിച്ചൽ മാർഷ് ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി കുൽദീപ് യാദവും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
















