കണ്ണൂര്‍: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിന് അവസരവാദികളെ സുഖിപ്പിക്കാനാകും. എന്നാൽ അതല്ല കേരളത്തിന്റെ സ്ഥിതി, സംഘപരിവാറിനെ കേരളം അടുപ്പിക്കില്ല. സംഘപരിവാർ അജൻഡ അത്രവേഗം നടപ്പാക്കാനും പറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘‘ന്യൂനപക്ഷ വർഗീയതയാണെങ്കിലും ഭൂരിപക്ഷ വർഗീയതയാണെങ്കിലും നാടിന് ആപത്താണെന്നതാണ് കേരളം പൊതുവേ സ്വീകരിച്ചിരിക്കുന്നത്. കേരള നിയമസഭയിൽ ഒരു സീറ്റ് ബിജെപിക്ക് ഉണ്ടായിരുന്നു. ആ സീറ്റ് എങ്ങനെ വന്നതെന്ന് എല്ലാവർക്കും അറിയാം. ആ ഒറ്റ സീറ്റിനുവേണ്ടി എന്നുമുതൽ അവർ കളി തുടങ്ങിയതാണ്. കോൺഗ്രസുമായി ചേർന്നുള്ള കളിയിൽ 2016ലാണ് ബിജെപി നേതാവ് നിയമസഭയിലേക്ക് വന്നത്. നാണംകെട്ട സംഭവമാണെങ്കിലും അത് ഓർക്കണം’’– മുഖ്യമന്ത്രി പറഞ്ഞു.
‘‘ഹിറ്റ്ലറുടെ നിലപാടും തത്വശാസ്ത്രവുമാണ് ബിജെപി നയിക്കുന്നത്. ജനാധിപത്യം അട്ടിമറിക്കാനുള്ള കാര്യങ്ങൾ അവർ ചെയ്യുന്നു. തിരഞ്ഞെടുപ്പ് പോലും നേരെ നടക്കുന്നില്ല. എല്ലാം കൈപിടിയിൽ ഒതുക്കാനുള്ള ശ്രമമാണ്. ജുഡീഷ്യറിയും അവർക്കു വേണം’’– മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഭീഷണിപ്പെടുത്തിയും പ്രീണിപ്പിച്ചും വോട്ട് വാങ്ങാമെന്നാണ് സംഘപരിവാര്‍ കരുതുന്നത്. എന്നാല്‍ ഈ നീക്കം ഉദ്ദേശിച്ചതുപോലെ ഫലിക്കുന്നില്ല. മതന്യൂനപക്ഷങ്ങളോട് പൊരുത്തപ്പെടാനും മതനിരപേക്ഷത അംഗീകരിക്കാനും ആര്‍.എസ്.എസ് തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പൊതുവികാരം മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെന്നാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.