തൃശൂര്‍: തൃശൂര്‍ ജില്ലാ കളക്ടറായി വി ആര്‍ കൃഷ്ണതേജ ചുമതലയേറ്റു. സ്ഥലം മാറിപ്പോവുന്ന ഹരിത വി കുമാര്‍ കൃഷ്ണതേജക്ക് ചാര്‍ജ് കൈമാറി. ആലപ്പുഴ ജില്ലാ കലക്ടര്‍ പദവിയില്‍ നിന്നാണ് വി ആര്‍ കൃഷ്ണതേജ തൃശൂരിലെത്തിയത്. ഇന്ന് രാവിലെ 10ന് കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങിലാണ് ഹരിത വി കുമാര്‍, കൃഷ്ണതേജയ്ക്ക് ചുമതല കൈമാറിയത്.
ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയാണ് കൃഷ്ണ തേജ. നേരത്തെ തൃശൂരില്‍ എ കൗശിഗന്‍ കളക്ടറും ഹരിത വി കുമാര്‍ സബ് കളക്ടറുമായിരുന്ന സമയത്ത് കൃഷ്ണതേജ അസിസ്റ്റന്റ് കളക്ടറായിരുന്നു. കൂടാതെ കെടിഡിസി മാനേജിംഗ് ഡയറക്ടര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അതേസമയം, തൃശൂര്‍ ജില്ലയിലെ ജനങ്ങള്‍ക്കു വേണ്ടി കഴിവിന്റെ പരമാവധി ചെയ്യുമെന്ന് ചാര്‍ജെടുത്ത ശേഷം ജില്ലാ കളക്ടര്‍ പറഞ്ഞു. ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായാണ് നിയമിച്ചിരിക്കുന്നത്.