തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അവതരിപ്പിച്ചു.
ഇതേ തുടര്‍ന്ന് ജനുവരി 23ന് ആരംഭിച്ച 15ാം നിയമസഭയുടെ എട്ടാം സമ്മേളനം 21 ദിവസത്തെ സിറ്റിംഗ് പൂര്‍ത്തിയാക്കി അവസാനിക്കുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. പ്രതിപക്ഷം നിയമസഭയില്‍ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം, പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് ഇന്നും അനുമതി ലഭിച്ചിരുന്നില്ല.
അഞ്ചു യുഡിഎഫ് എംഎല്‍എമാരാണ് സഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹ സമരം നടത്തുന്നത്. അന്‍വര്‍ സാദത്ത്, ഉമ തോമസ്, ടി ജെ വിനോദ്, കുറുക്കോളി മൊയ്തീന്‍, എകെഎം അഷ്‌റഫ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. ഇന്നും പ്ലക്കാര്‍ഡുകളുമായെത്തി പ്രതിഷേധിച്ച പ്രതിപക്ഷം, പ്രശ്‌ന പരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചു.
അതേസമയം, സഭാ സമ്മേളനം നടത്തിക്കില്ലെന്നത് ശരിയായ രീതിയല്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ പ്രതികരിച്ചു. സഭയെ പ്രതിപക്ഷം അവഹേളിക്കുകയാണെന്ന് മന്ത്രി എംബി രാജേഷും കൂട്ടിച്ചേര്‍ത്തു.അടിയന്തര പ്രമേയ നോട്ടീസിലടക്കം അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യങ്ങള്‍ മുഴക്കിയതോടെ ഇന്നലെയും സഭാ നടപടികള്‍ ഇടയ്ക്ക്‌വച്ച് നിര്‍ത്തേണ്ടി വന്നിരുന്നു.സഭാ ചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.
















