കൊച്ചി: മതനിരപേക്ഷതയ്ക്കും ഫെഡറൽ സംവിധാനത്തിനുമേലും കടന്നാക്രമണമുണ്ടാകുമ്പോൾ മാധ്യമങ്ങൾ നിശബ്ദരാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം നടപടികൾ കണ്ടില്ലെന്ന് നടിച്ചാൽ മാധ്യമങ്ങളുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാതൃഭൂമി ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളുടെ നിലനിൽപ്പിന് വേണ്ടി പൊരുതേണ്ടത് മാധ്യമങ്ങൾ തന്നെയാണ്. ജനാധിപത്യത്തിനും ഫെഡറലിസത്തിനും മേൽ കടന്നാക്രമണങ്ങൾ ഉണ്ടാകുമ്പോൾ മാധ്യമങ്ങൾ മൗനം പാലിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മത സ്വാതന്ത്ര്യം ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം മാധ്യമങ്ങൾക്കുണ്ട്. മാധ്യമങ്ങൾ വർഗീയതയെ താലോലിച്ചാൽ മത നിരപേക്ഷത വളർത്താൻ കഴിയില്ല. ഏക ഭാഷാ നയം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളും ചെറുക്കപ്പെടണം. മലയാള മാധ്യമങ്ങൾക്ക് ഭീഷണിയാകുന്ന നയമാണത്. മാധ്യമങ്ങളുടെ നിലനിൽപ്പിനു വേണ്ടി പൊരുതേണ്ടത് മാധ്യമങ്ങൾ തന്നെയാണ്.
വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യ 150-ാം സ്ഥാനത്താണെന്നത് അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു രാജ്യത്താണ് ഈ സ്ഥിതിയെന്ന് ഓർമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.