തിരുവനന്തപുരം: സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗത്തിലും രൂക്ഷമായ വാക്‌പോര്. എല്ലാ വിഷയത്തിലും അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാന്‍ ആകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കില്‍ സഭ നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും തിരിച്ചടിച്ചു. പ്രതിപക്ഷ നേതാവ് വൈകാരികമായി പെരുമാറിയെന്ന് മുഖ്യമന്ത്രി ആരോപിച്ചപ്പോള്‍, മുഖ്യമന്ത്രിയുടെ ബാലന്‍സാണ് തെറ്റിയതെന്നായിരുന്നു വിഡി സതീശന്റെ മറുപടി.
അതേസമയം, നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ നടത്തിയത് സത്യാഗ്രഹ സമരമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, വാച്ച് ആന്റ് വാര്‍ഡ് പ്രകോപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയാണ് ഉണ്ടായതെന്നും കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ സഭയില്‍ ഇന്നും ബഹളം നടന്നു. ഇതേ തുടര്‍ന്ന് ചോദ്യോത്തര വേളയും ശൂന്യവേളയും ഒഴിവാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം സ്പീക്കറിന്റെ ഡയസിനു താഴെ പ്രതിഷേധം തുടരുന്നതിനിടെ ആദ്യം സ്പീക്കര്‍ ചോദ്യോത്തര വേള സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.