ന്യൂ ഡല്‍ഹി: ലോക്സഭയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഭരണ പ്രതിപക്ഷ ബഹളം. രാഹുല്‍ ഗാന്ധി, അദാനി വിഷയങ്ങളെ ചൊല്ലി ഭരണപ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നതോടെ ഇരുസഭകളും രണ്ട് മണിവരെ നിര്‍ത്തിവെച്ചു. എന്നാല്‍ ഉച്ചതിരിഞ്ഞും സഭയില്‍ ബഹളം തുടര്‍ന്നു. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്സഭയും നാളത്തേക്ക് പിരിഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ പരാമര്‍ശം ഇരുസഭയിലും ഭരണപക്ഷം ഉന്നയിച്ചു. പരാമര്‍ശങ്ങളില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് മന്ത്രി പിയൂഷ് ഗോയല്‍ ലോക് സഭയില്‍ ആവശ്യപ്പെട്ടു. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. അദാനി വിഷയത്തില്‍ നല്കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതോടെ രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു. ഭരണ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും പിരിയുകയായിരുന്നു.