ന്യൂ ഡല്‍ഹി: ഇനി ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. പാര്‍ട്ടിക്കു തന്റെ സേവനം വേണ്ടെങ്കില്‍ പിന്നെ വിലങ്ങുതടിയായി നില്‍ക്കാനില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. പാര്‍ട്ടി നേതൃത്വത്തെ പൊതുവേദിയില്‍ വിമര്‍ശിച്ചതിന് കെപിസിസി നേതൃത്വം കത്തയച്ചതിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് കെ മുരളീധരന്‍ രംഗത്തെത്തിയത്.
തന്നെ അപമാനിക്കാനായി ബോധപൂര്‍വമാണ് നോട്ടീസ് നല്‍കിയത്. വായ് മൂടിക്കെട്ടുന്നവര്‍ അതിന്റെ ഗുണദോഷങ്ങള്‍ അനുഭവിക്കട്ടെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ രണ്ട് എംപിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നതു പാര്‍ട്ടിക്കു ഗുണമാകുമോയെന്ന് എന്ന് നേതൃത്വം ആലോചിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുനസ്സംഘടനാ ചര്‍ച്ചയില്‍ മുന്‍ പ്രസിഡന്റുമാരെ പങ്കെടുപ്പിച്ചില്ല. പങ്കെടുപ്പിച്ചിരുന്നെങ്കില്‍ തനിക്കു പറയാനുള്ളത് അവിടെ പറയാമായിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു. മത്സരിക്കാന്‍ ഇല്ലെന്ന് തന്നെ വന്നു കണ്ട നേതാക്കളെയും പ്രവര്‍ത്തകരെയും അറിയിച്ചു. പക്ഷേ പാര്‍ട്ടിക്കായി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടിയില്‍ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവര്‍ക്കെ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ എന്നും എം കെ രാഘവന്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശത്തെ കെ മുരളീധരന്‍ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനും നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.