സംസ്ഥാനത്തെ കേസുകളുടെ മെല്ലെ പോക്കിന്റെ തെളിവായി കണക്കാക്കാവുന്ന ഒന്നാണ് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിര. സ്റ്റേഷൻ വളപ്പും പരിസരവും റോഡ് സൈഡും വാഹനത്തിനു മുകളിൽ വാഹനവുമൊക്കെയായി ആകെ വൃത്തിഹീനവും നിന്ന് തിരിയാൻ പോലും സ്ഥലമില്ലാത്തതുമായി കാഴ്ചയാണ് ഓരോ പോലീസ് സ്റ്റേഷനിലും. വിലകൂടിയ വാഹനങ്ങൾ മുതൽ ബൈക്കുകൾ വരെ ഇത്തരത്തിൽ കെട്ടിക്കിടന്ന് നശിക്കുകയാണ്.
കോടികൾ വിലവരുന്ന വാഹനങ്ങൾ ഓരോ സ്റ്റേഷനിലും കെട്ടിക്കിടപ്പുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാകാത്തതിനാൽ മിക്ക വാഹനങ്ങളും കിടന്ന് നശിക്കുകയാണ്. ലക്ഷങ്ങളും കോടികളും വിലയുള്ള ആഡംബര വാഹനങ്ങൾ വരെ ഇങ്ങനെ നശിക്കുന്നുണ്ട്. ആഭ്യന്തര വകുപ്പ് തന്നെ പുറത്തുവിടുന്ന കണക്ക് പ്രകാരം, സംസ്ഥാനത്ത് വിവിധ കേസുകളിലായി പോലീസ് സ്റ്റേഷനുകളിലും പരിസരത്തുമായി സൂക്ഷിച്ചിരിക്കുന്നത് 26,708 വാഹനങ്ങളാണ്. ഇവയുടെ മതിപ്പ് വില തന്നെ പല കോടികൾ വരും. കേസ് തീർപ്പാക്കുകയോ ലേലത്തിന് വെക്കുകയോ ചെയ്താൽ ഈ വാഹനങ്ങൾ നശിച്ച് പോകാതെ ഉപകാരപ്രദമാക്കാം.
ആഭ്യന്തര വകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ വാഹനങ്ങൾ കെട്ടിക്കിടക്കുന്നത് തൃശൂർ ജില്ലയിലാണ്. വിവിധ കേസുകളിലായി 4157 വാഹനങ്ങളാണുള്ളത്. ഇതിൽ തൃശൂർ സിറ്റി പരിധിയിൽ 2401ഉം റൂറൽ പരിധിയിൽ 1756 വാഹനങ്ങളുമുണ്ട്.
വാഹനങ്ങളുടെ കണക്കിൽ മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്. 3183 വാഹനങ്ങൾ സ്റ്റേഷനുകളിൽ കിടക്കുന്നുണ്ട്. 2840 വാഹനങ്ങളുള്ള തിരുവനന്തപുരമാണ് മൂന്നാം സ്ഥാനത്ത്. തിരുവനന്തപുരം റൂറലിൽ 1779ഉം സിറ്റിയിൽ 1061ഉം വാഹനങ്ങൾ കെട്ടിക്കിടക്കുന്നുണ്ട്. കൊല്ലമാണ് നാലാമത്. കൊല്ലത്ത് സിറ്റിയിൽ 1533ഉം റൂറലിൽ 1003 അടക്കം 2536 വാഹനങ്ങളുണ്ട്.
സംസ്ഥാനത്തെ മറ്റു ജില്ലകളിൽ കെട്ടികിടക്കുന്ന വാഹനങ്ങളുടെ എണ്ണം ഇങ്ങനെയാണ്
കോഴിക്കോട് 2127
പാലക്കാട് 2067
എറണാകുളം 1758
കണ്ണൂർ 1678
കാസർകോട് 1626
ആലപ്പുഴ 1494
കോട്ടയം 1240
പത്തനംതിട്ട 1048
ഇടുക്കി 520
വയനാട് 425
കൂടാതെ, റെയിൽവേ പോലീസ് പരിധിയിൽ ഒമ്പത് വാഹനങ്ങളുമുണ്ട്.
നിലവിൽ അന്വേഷണങ്ങളുടെ ഭാഗമായി പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ കസ്റ്റഡി ആവശ്യമില്ലാതെവരുകയാണെങ്കിൽ സ്വീഷർ മഹസർ തയാറാക്കി വാഹനങ്ങൾ രസീത് വാങ്ങി വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. ഇതിൽ തുടർനടപടി ആവശ്യമെങ്കിൽ റിപ്പോർട്ട് കോടതിക്ക് നൽകും. ഈ വാഹനങ്ങളിൽ ഉടമകൾക്ക് 451 സി.ആർ.പി.സി പ്രകാരം കോടതി വഴി വാഹനം വിട്ടുകൊടുക്കും.
അബ്കാരി ആക്ട് പ്രകാരം പിടിക്കുന്ന വാഹനങ്ങളിൽ സെക്ഷൻ 67(ബി) പ്രകാരം ജില്ല ഡെപ്യൂട്ടി എക്സൈസ് കമീഷണർക്ക് കണ്ടുകെട്ടലിന് കൈമാറുകയാണ് പതിവ്. കൂടാതെ, മെറ്റൽ സ്ക്രാപ് ട്രേഡ് കോർപറേഷൻ (എം.എസ്.ടി.സി) ലിമിറ്റഡ് പ്ലാറ്റ്ഫോം വഴി ഓൺലൈനിലുടെയും ലേലം ചെയ്യുന്നുണ്ട്.
വാഹനങ്ങളുടെ ലേലനടപടികൾ വേഗത്തിലാക്കാനായി 2022 നവംബർ 14ന് മെക്കാനിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർക്കും ചീഫ് എൻജിനീയർക്കും സർക്കാർ ചുമതല നൽകിയിട്ടുണ്ട്. എന്നാൽ, അവകാശികളില്ലാത്ത ജംഗമവസ്തുവകകൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാങ്ങേണ്ടിവരുന്നവക്ക് പകരമായി 2011 കേരള പോലീസ് ആക്ട് വകുപ്പ് 56(7) പ്രകാരം പൊലീസ് വകുപ്പിന് ഉപയോഗിക്കുകയോ ലേലത്തിൽ വിൽപനക്ക് വെക്കുകയോയാണ് ചെയ്യുന്നത്.
എന്നാൽ ഇത്തരം ലേല നടപടികളോ വാഹനങ്ങൾ പോലീസ് വകുപ്പിന് ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റുകയോ ചെയ്യുന്നില്ല. ലേല നടപടികൾ നേരത്തിയാക്കിയാൽ പല വാഹനങ്ങളും തുരുമ്പ് വിലക്ക് ലേലം ചെയ്യേണ്ടി വരില്ല. ഉപയോഗ്യമായിരിക്കുമ്പോൾ ലേലം ചെയ്യുന്നതും സ്ക്രാപ്പ് ആയി ലേലം ചെയ്യുന്നതും തമ്മിൽ ലഭിക്കുന്ന തുകയിൽ വലിയ അന്തരം ഉണ്ട്.
സംസ്ഥാനത്തെ സ്റ്റേഷനുകൾ തോറും വിവിധ കേസുകളിലായി കെട്ടികിടക്കുന്നത് 26,708 വാഹനങ്ങൾ ആണെന്ന് ആഭ്യന്തര വകുപ്പ് കണക്കുകൾ തന്നെ വ്യക്തമാക്കുമ്പോൾ ഇതിൽ തീർപ്പുണ്ടാക്കാൻ അടിയന്തിര നടപടി എടുക്കേണ്ടതും വകുപ്പ് തന്നെയാണ്.