ആൾക്കൂട്ട വിചാരണ കൊലപാതകവും സദാചാര പോലീസ് കൊലപാതകവും ഒന്നും കേരളത്തിലെ ആദ്യത്തെ സംഭവമല്ല. എന്നാൽ അത് അവസാനത്തെ സംഭവം ആയിരിക്കണമെന്ന് ആഗ്രഹിക്കാറുണ്ട് നമ്മൾ എല്ലാവരും. നമ്മുടെ നിയമ സംവിധാനങ്ങൾ അത് അങ്ങനെ ആക്കിത്തരുമെന്നും നാം വിശ്വസിക്കാറുണ്ട്. എന്നാൽ സദാചാര വാദികളായി തുടരുന്ന കൃമി കടി അങ്ങനെ ഒന്നും തീരില്ലെന്ന് പറഞ്ഞുവെക്കുകയാണ് സഹാറിന്റെ കൊലപാതകം. മറ്റുള്ളവരുടെ സ്വകാര്യതയിലും വ്യക്തി ജീവിതത്തിലും കേറി ചൊറിയുന്ന, ഒളിഞ്ഞുനോക്കുന്ന പ്രവണതക്ക് അവസാനം ഉണ്ടാകേണ്ടതുണ്ട്.
സദാചാര ആൾക്കൂട്ടത്തിന്റെ ക്രൂരമർദനത്തിനിരയായാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വകാര്യ ബസ് ഡ്രൈവർ പഴുവിൽ കോട്ടം മമ്മസ്രായിലത്ത് സഹാർ മരിക്കുന്നത്. വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹാറിനെ പ്രതികൾ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. ചിറയ്ക്കൽ കോട്ടം തിരുവാണിക്കാവ് ക്ഷേത്രപരിസരത്ത് വെച്ചായിരുന്നു എട്ടംഗ സംഘത്തിന്റെ മോറൽ പോലീസിംഗ്.
ചെകിട്ടത്തടിച്ചു കൊണ്ടായിരുന്നു എട്ടംഗ സംഘം മർദ്ദനം തുടങ്ങിയത്. പുലർച്ചെ 3 വരെ വിട്ടയയ്ക്കാതെ തടഞ്ഞുവച്ചു. ഇതിനിടെ നടത്തിയ ക്രൂര മർദ്ദനത്തിൽ സഹാറിന്റെ വാരിയെല്ലൊടിഞ്ഞു. നട്ടെല്ലിനു പൊട്ടലുണ്ടായി. വൃക്കകളും അനുബന്ധ ആന്തരികാവയവങ്ങളും തകർന്നു.
രാത്രി മുതൽ പുലർച്ചെ മൂന്ന് വരെ തുടർന്ന ക്രൂര കൃത്യത്തിന് ശേഷം സംഘം സഹാറിന്റെ ഉപേക്ഷിച്ചു. പിന്നീട് ഒരുവിധം നടന്നു വീട്ടിലെത്തിയ സഹാർ കുഴഞ്ഞുവീണു. വീട്ടുകാരാണു തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഏറെ പരിക്കുകൾ പറ്റിയ സഹറിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും പിന്നീടു വെന്റിലേറ്ററിലായി. ഇതിനിടെയാണ് മരണം സംഭവിച്ചത്.
പോലീസിന്റെ വീഴ്ച
17 ദിവസം മുമ്പുനടന്ന സംഭവത്തിൽ പോലീസിന്റെ വീഴ്ച എടുത്ത് പറയേണ്ട ഒന്നാണ്. ഈ വീഴ്ചയാണ് സഹാർ കൊല്ലപ്പെട്ട് ഈ നേരം വരെയും ഒരാളെ പോലും പിടികൂടാനാകാതെ വന്നത്. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞിട്ടാണ് ഈ വീഴ്ച സംഭവിച്ചത് എന്നത് അങ്ങേയറ്റം ഗുരുതരമാണ്.
സഹാറിനെതിരായ ആക്രമണത്തിന്റെ ദൃശ്യം മുഴുവൻ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. സംഭവത്തിന്റെ പിറ്റേന്നുതന്നെ പോലീസ് സിസിടിവി ദൃശ്യങ്ങൾ കണ്ടെടുക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തു. എന്നാൽ അറസ്റ്റ് ചെയ്തില്ല. സഹാറിൽ നിന്നു ശരിയായ മൊഴി ലഭിച്ചില്ലെന്നായിരുന്നു ന്യായം. തൃപ്രയാർ റൂട്ടിലോടുന്ന ബസിലെ ഡ്രൈവർ ആയ തനിക്കു റൂട്ടിലെ സമയക്രമത്തെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ മർദനമേറ്റെന്നു സഹാർ പറഞ്ഞതായാണ് പോലീസിന്റെ വാദം. എന്നിട്ട് എന്തെ പോലീസ് അങ്ങനെ ഒരു തർക്കത്തിലെ ആളുകളെ പിടികൂടാതിരുന്നത്? ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ എല്ലാം വ്യക്തമായിട്ടും എന്തിനാണ് നടപടി എടുക്കാതിരുന്നത്? പോലീസും മോറൽ പോലീസ് ആവുകയാണോ?
ഒടുവിൽ സഹാർ മരിച്ചപ്പോൾ പോലീസ് അനങ്ങിയിട്ടുണ്ട്. 10 പേർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തെന്നും ആക്രമണത്തിനു നേതൃത്വം നൽകിയെന്നു സംശയിക്കുന്ന പഴുവിൽ കോട്ടം നെല്ലിപ്പറമ്പിൽ രാഹുൽ വിദേശത്തേക്കു കടന്നെന്നുമാണു പോലീസ് പറയുന്നത്.
കോട്ട കരിക്കിൻതറ വിഷ്ണു, മച്ചിങ്ങൽ ടിനോ, മച്ചിങ്ങൽ അഭിലാഷ്, കൊടക്കാട്ടിൽ വിജിത്ത്, കൊടക്കാട്ടിൽ അരുൺ, എട്ടുമന കാരണയിൽ ജിഞ്ചു ജയൻ, ചിറക്കൽ അമീർ എന്നിവർക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ അറിയിച്ചു. കണ്ടാലറിയാവുന്ന 2 പേർക്കെതിരെ കൂടി കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. എന്നാൽ പോലീസ് അനങ്ങാതിരുന്ന അവസരം മുതലെടുത്ത് പ്രതികളിൽ ഒരാളായ രാഹുൽ വിദേശത്തേക്കു കടന്നു.
ഇവരെ പിടികൂടാനാകാത്തതിനു കാരണം പോലീസിന്റെ മെല്ലെപ്പോക്കാണെന്ന് ആക്ഷേപം ഉയരുന്നതിനിടെ പോലീസ് നിലവിൽ പ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്നലെ പ്രതികൾക്കായി പോലീസ് നടത്തിയ വ്യാപക റെയ്ഡ്. ചേർപ്പ് മേഖലയിൽ അൻപതോളം പോലീസുകാർ പുലർച്ചെ വരെ പരിശോധന തുടർന്നു. സംഭവത്തിൽ ഉൾപ്പെട്ട എട്ടു പ്രതികളും ഇപ്പോഴും ഒളിവിലാണ്.
സദാചാര പോലീസ് ചമഞ്ഞുള്ള ഈ സംഭവം ഒറ്റപ്പെട്ടതല്ല. മരണങ്ങൾ നടക്കാത്തത് കൊണ്ടും ഭയം കൊണ്ടുമാണ് പലതും പുറത്തറിയാതെ പോകുന്നത് എന്നതാണ് സത്യം. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന, നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്ന ഇത്തരം കൂട്ടങ്ങളെ അടിച്ചമർത്തേണ്ടതുണ്ട്. ഇത്തരം വിഷയങ്ങളിൽ നടപടിയെടുക്കാൻ പോലീസ് വൈകിക്കൂടാ. അതുണ്ടാക്കുന്ന ദുരന്തം വലുതാകും.