ബ്രഹ്മപുരം കത്തുകയാണ്. അണച്ചിട്ടും അണയാതെ നിന്ന് കത്തുകയാണ്. തീക്കൊപ്പം കേരളത്തിലെ രാഷ്ട്രീയ രംഗത്തും പുക ഉയരുന്നുണ്ട്. യഥാർത്ഥ പുകയിൽ ജനം വലയുമ്പോൾ ആരോപണങ്ങളുടെ പുകയിലാണ് കേരളത്തിലെ ഭരണ രംഗം. അത് അവിടെ നിക്കട്ടെ. നമുക്ക് യഥാർത്ഥ പുകയിലേക്ക് തന്നെ പോകാം.
എന്താണ് ബ്രഹ്മപുരം പ്ലാന്റ്?
എറണാകുളം ജില്ലയിലെ അമ്പലമുകളിന് സമീപം വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ ബ്രഹ്മപുരത്ത് കൊച്ചി കോർപറേഷന്റെ ഉടമസ്ഥതയിൽ 110 ഏക്കർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നതാണ് ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ്. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ നിന്ന് 4 കിലോ മീറ്റർ അകലെയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 22 കിലോ മീറ്റർ അകലെയും കേരള ഹൈക്കോടതിയില്‍ നിന്ന് 15 കിലോ മീറ്റർ അകലെയുമാണ് പ്ലാന്റിന്റെ സ്ഥാനം.
മുന്നൂറിലേറെ ടൺ മാലിന്യമാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. 200 ലേറെ ടൺ ജൈവ മാലിന്യവും നൂറോളം ടൺ അജൈവ മാലിന്യവുമാണ് ഇങ്ങനെ ദിനംപ്രതി എത്തുന്നത്. 2021 ൽ ഡ്രോൺ സർവേ പ്രകാരം നടത്തിയ കണക്ക് പ്രകാരം 4.55 ലക്ഷം ഘനമീറ്റർ മാലിന്യം നിലവിൽ ഇവിടെ കിടപ്പുണ്ട്. അതിനുശേഷം വന്ന മാലിന്യം കണക്കിൽ ഇല്ല. ഇതിനു തന്നെ ഏതാണ്ട് 50000 ആനകളുടെ വലുപ്പം വരുമെന്ന് കണക്കാക്കുന്നു.
ബ്രഹ്മപുരത്ത് സംഭവിച്ചതെന്ത് ?
മാര്‍ച്ച് 2 വൈകിട്ട് 4 മണിയോടെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടങ്ങുന്ന കൂനയിലേക്ക് തീപടര്‍ന്നു.കിൻഫ്രാ ഇൻഡസ്ട്രിയൽ പാർക്കിന് പുറകു വശത്തായി ചതുപ്പ് പാടത്താണ് തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷ സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. രാത്രിയിൽ കൂടുതൽ അഗ്നിരക്ഷ യൂണിറ്റുകൾ എത്തിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലും പരിസരങ്ങളിലും കനത്ത പുക. കിലോമീറ്ററുകൾ അകലേക്ക് വരെ പുക വ്യാപിച്ചിട്ടുണ്ട്. പുക നിയന്ത്രണവിധേയമാക്കുവാന്‍ കഴിയാത്തതിനാല്‍ ബ്രഹ്‌മപുരത്തിനും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ കഴിവതും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സ്‌കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചു.
ഇപ്പോൾ എന്താണ് ബ്രഹ്മപുരത്തെ സ്ഥിതി?
ഇന്നു തമിഴ്നാട്ടിലെ സൂലൂരിൽനിന്നെത്തുന്ന വ്യോമസേനാ ഹെലികോപ്റ്ററുകൾ വെള്ളം സ്പ്രേ ചെയ്തുതുടങ്ങുമെന്നു കലക്ടർ ഡോ. രേണുരാജ് അറിയിച്ചു. ഇന്നലെ നാവികസേനാ ഹെലികോപ്റ്ററുകളും രംഗത്തുണ്ടായിരുന്നു. ബ്രഹ്മപുരത്തെ 110 ഏക്കറിൽ 95% ഭാഗത്തേക്കും തീ വ്യാപിച്ചിട്ടുണ്ട്. 4 മീറ്റർ വരെ താഴ്ചയിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു മാലിന്യം നീക്കി വെള്ളം പമ്പു ചെയ്തു പുക ശമിപ്പിക്കാൻ ശ്രമിക്കുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളിൽ മിക്കവർക്കും ശാരീരികാസ്വാസ്ഥ്യങ്ങളുണ്ട്. ഇന്നുമുതൽ എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം ബ്രഹ്മപുരത്തു ക്യാംപ് ചെയ്തു വൈദ്യപരിശോധന നടത്തും.
ജില്ലവിടുന്ന പുക
കൊച്ചിയെ ശ്വാസംമുട്ടിച്ച പുക ജില്ല കടന്ന് അരൂരിലേക്കും പടര്‍ന്നു. തീ പൂർണമായും അണയ്ക്കുന്നതിനുമുൻപ് പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവരാനുള്ള ശ്രമത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധ സമരത്തിനും ഇന്ന് തുടക്കമാകും. കനത്ത പുകയുടെ പശ്ചാത്തലത്തിൽ കൊച്ചി കോർപ്പറേഷൻ, മരട്, തൃപ്പൂണിത്തുറ, തൃക്കാക്കര മുനിസിപ്പാലിറ്റികൾ, ബ്രഹ്മപുരത്തിന് സമീപപ്രദേശങ്ങളിലെ പഞ്ചായത്തുകളിലും ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്
കേസെടുത്ത് ഹൈക്കോടതി
ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെത്തുടർന്നു വിഷപ്പുക വ്യാപിച്ച വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കോടതി ഇടപെടൽ ആവശ്യപ്പെട്ടു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനു കത്ത് നൽകിയതിനെത്തുടർന്നാണിത്.
പിഴയിട്ട് മലിനീകരണ നിയന്ത്രണ ബോർഡ്
ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് 1.81 കോടി പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർഡ് (പി.സി.ബി ). ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഗുരുതര പരിസ്ഥിതി മലിനീകരണമുണ്ടായെന്ന് കാണിച്ചാണ് കോർപറേഷന് കാരണം കാണിക്കൽ നോട്ടീസും പിഴയും ചുമത്തിയത്. നോട്ടീസിന് 15 ദിവസത്തിനകം മറുപടി നൽകണം. പ്ലാന്‍റിൽ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായി. ഫയർ ഹൈഡ്രന്‍റുകൾ പ്രവർത്തിച്ചിട്ടില്ല. ഖരമാലിന്യസംസ്‌കരണം കൃത്യമായി നടത്താൻ കൊച്ചി നഗരസഭക്ക് കഴിഞ്ഞിട്ടില്ലെന്നും പി.സി.ബി കണ്ടെത്തി.
ഇടതുമുന്നണിയിൽ എന്തിനാണ് പുക?
മാലിന്യ സംസ്കരണ വിഷയത്തിലെ സിപിഐയുടെ എതിർപ്പാണ് ഇടതുമുന്നണിയിൽ പുകയുന്നത്. മാലിന്യസംസ്‌കരണ വിഷയങ്ങളില്‍ സിപിഐ. വളരെ മുന്‍പുതന്നെ എതിര്‍പ്പുമായി രംഗത്തുണ്ട്. മാലിന്യസംസ്‌കരണ കരാര്‍ ഉറപ്പിക്കുന്നതില്‍ വന്‍ അഴിമതിയുണ്ടെന്ന നിലപാടിലാണ് സിപിഐ. നേരത്തേതന്നെ കൗണ്‍സില്‍ യോഗങ്ങളില്‍ ഈ വിഷയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പേ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ് നടത്തിപ്പ് പുതിയ കമ്പനിയെ ഏല്പിച്ചപ്പോള്‍ സിപിഐ. ശക്തമായ എതിര്‍പ്പ് പറഞ്ഞിരുന്നു. പുതിയ കമ്പനിയെ തിരഞ്ഞെടുത്തത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നായിരുന്നു ആക്ഷേപം.
നയപരമായ കാര്യങ്ങളില്‍ കൂടിയാലോചനകളില്ലാതെ, സിപിഎം. ഏകപക്ഷീയമായി മുന്നോട്ടുപോകുന്നതിനാലുണ്ടാകുന്ന തിരിച്ചടിയാണ് ഇതെല്ലാമെന്ന് സിപിഐ. ചൂണ്ടിക്കാണിക്കുന്നു. ഭരണം നിലനിര്‍ത്താനായി സ്വീകരിച്ച ചില വിട്ടുവീഴ്ചകളാണ് പ്രതിസന്ധിയുടെ രാഷ്ട്രീയ കാരണമെന്ന് സിപിഐ. ചൂണ്ടിക്കാട്ടുന്നു. മാലിന്യസംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിനായി കൊച്ചി കോര്‍പറേഷന്‍ വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാന്‍ പോവുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുമ്പോള്‍, നിലവില്‍ ആ പണിചെയ്ത കമ്പനിക്കുതന്നെ പ്രവൃത്തി നീട്ടിക്കൊടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ ബ്രഹ്‌മപുരത്തെ തീപ്പിടിത്തമെന്നും സിപിഐ. സംശയിക്കുന്നു.
ബ്രഹ്മപുരത്തെ തീ ആസൂത്രിതമോ?
ബ്രഹ്മപുരം മാലിന്യശാലയിലെ തീപിടിത്തം ആസൂത്രിതമെന്ന സംശയം ബലപ്പെടുന്നു. മാലിന്യം ബയോ മൈനിങ് ചെയ്യാൻ കോർപറേഷൻ അനുമതി നൽകിയതിൽ അഴിമതി ആരോപിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കേസ് വന്നതിനു പിന്നാലെയാണ് തീപിടിത്തം ഉണ്ടായത് എന്നതാണ് ആസൂത്രിതമാണോ എന്ന കാര്യത്തിൽ സംശയം ജനിപ്പിക്കുന്നത്. ഏഴിടത്തുനിന്നാണ് മാലിന്യ കൂമ്പാരത്തിൽ തീപടർന്നത്. തീയണക്കാൻ അടിയന്തര നടപടി ഉണ്ടായതുമില്ല. ഇതെല്ലാം വിരൽചൂണ്ടുന്നത് തീപിടിത്തം ആസൂത്രിതമെന്നതിലേക്കാണ്.
2020 മാർച്ചിൽ കെ.എസ്.ഐ.ഡി.സിയാണ് ബ്രഹ്മപുരത്ത് മാലിന്യം ബയോ മൈനിങ് ചെയ്യാൻ ടെൻഡർ ക്ഷണിച്ചത്. മാലിന്യം കിടക്കുന്ന 20 ഏക്കർ സർക്കാർ നേരത്തേ കെ.എസ്.ഐ.ഡി.സിക്ക് നൽകിയതിനാലാണ് സംസ്കരണത്തിന് അവർ ടെൻഡർ ക്ഷണിച്ചത്. 10 കോടിയുടെയെങ്കിലും മാലിന്യം സംസ്കരിച്ച് പരിചയമുള്ള കമ്പനിയെയാകണം തെരഞ്ഞെടുക്കേണ്ടത് എന്നതായിരുന്നു ടെൻഡർ നൽകുന്നതിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ വ്യവസ്ഥ.
സോൺട ഇൻഫ്രാടെക് എന്ന കമ്പനി നൽകിയ 54.90 കോടിയുടെ ടെൻഡറാണ് ഉറപ്പിച്ചത്. 2021 ജൂലൈയിലായിരുന്നു അത്. ടെൻഡർ ഉറപ്പിച്ചപ്പോഴേ അഴിമതി ആരോപണമുയർന്നിരുന്നു. സോൺട ഇൻഫ്രാടെക് ആദ്യം നൽകിയത് തിരുനെൽവേലി മുനിസിപ്പാലിറ്റിയിൽ 8.5 കോടിയുടെ മാലിന്യം സംസ്കരിച്ച് പരിചയമുണ്ടെന്ന മുനിസിപ്പൽ കമീഷണറുടെ സർട്ടിഫിക്കറ്റാണ്.
യോഗ്യതയുള്ള കമ്പനികൾ നൽകാത്തതിനാൽ ആദ്യ ടെൻഡർ റദ്ദാക്കി. മൂന്ന് മാസം കഴിഞ്ഞപ്പോൾ വീണ്ടും ക്ഷണിച്ചു. അപ്പോൾ സോൺട ഇൻഫ്രാടെക് നൽകിയത് തിരുനെൽവേലിയിൽ 10.03 കോടിയുടെ മാലിന്യ സംസ്കരണ പരിചയ സർട്ടിഫിക്കറ്റാണ്. തിരുനൽവേലി മുനിസിപ്പൽ എൻജിനീയറാണ് ഇത് നൽകിയത്. രണ്ട് സർട്ടിഫിക്കറ്റും ബയോ മൈനിങ് പരിചയത്തിന്റേതായിരുന്നില്ല.
സയന്റിഫിക് ക്ലോഷ്വർ എന്ന സംസ്കരണ രീതിയുടേതായിരുന്നു. സർട്ടിഫിക്കറ്റിലെ തിരിമറിയും സംസ്കരണ രീതിയിലെ വ്യവസ്ഥാലംഘനവും കണ്ടില്ലെന്ന് നടിച്ചാണ് ടെൻഡർ സോൺട ഇൻഫ്രാടെക്കിന് നൽകിയതെന്നാണ് അന്ന് ആരോപണമുയർന്നത്. പ്രവൃത്തി തുടങ്ങി ഒമ്പതു മാസമായിരുന്നു കരാർ കാലാവധി. കാലാവധി പൂർത്തിയായിട്ട് ഇപ്പോൾ നാലു മാസം കഴിഞ്ഞു. 30 ശതമാനംപോലും സംസ്കരിച്ചില്ല. ഇതിൽ അഴിമതിയുണ്ടെന്നും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ പോകുമെന്നും നഗരസഭ മുൻ മേയർ ടോണി ചമ്മണി വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. നാലുദിവസം കഴിഞ്ഞപ്പോഴാണ് തീപിടിത്തമുണ്ടായത്.
സംസ്കരണം നടക്കാത്തത് സംബന്ധിച്ച നിയമക്കുരുക്കിൽനിന്ന് രക്ഷപ്പെടാൻ തീയിട്ടു എന്നാണ് ആരോപണമുയരുന്നത്. ഒരേസമയം ഏഴുഭാഗത്തുനിന്നാണ് തീപടർന്നത്. തീ തനിയെ പടിച്ചതാണെങ്കിൽ ഒരിടത്തുനിന്ന് കത്തിപ്പടരുകയാണ് ചെയ്യുക എന്നതും സംശയം ബലപ്പെടുത്തുകയാണ്.
കാര്യങ്ങളുടെ ഏകദേശ സ്ഥിതി ഇതൊക്കെയാണെങ്കിലും അടിസ്ഥാനപരമായി ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത് കൊച്ചിയിലെ സാധാരണക്കാരായ ജനങ്ങൾക്കാണ്. ദിവസങ്ങളായി അവർ തിന്നുന്ന വിശപ്പുകക്ക് ആര് സമാധാനം പറയും? അവരുടെ ജീവിതത്തിന് മേൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾക്ക് ആരാണുത്തരവാദി? ഏഴാം ക്‌ളാസ് സ്‌കൂൾ അവധി കൊടുത്താൽ തീരുന്നതാണോ ഈ പ്രശ്‌നങ്ങൾ ? ഒന്നിനും മറുപടി ഇല്ലാതെ ഇതും ഒരു പുകയായി മാറും.