മലപ്പുറം: മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു. സമാന രോഗലക്ഷണങ്ങളുമായി 14 പേര്‍ കൂടി ചികിത്സ തേടി. രോഗ ലക്ഷണങ്ങള്‍ കൂടുതല്‍ പേരില്‍ കാണുന്നത് രോഗം പടര്‍ന്നു പിടിക്കാനുള്ള സൂചന നല്‍കുന്നുണ്ട്. എട്ട് പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അതേസമയം, പൊതുജനങ്ങള്‍ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രേണുക ആര്‍ അറിയിച്ചു.
വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയിലുള്ള പമ്ബിങ് സ്റ്റേഷനില്‍ നിന്ന് വിതരണം ചെയ്യുന്ന ജലനിധിയുടെ വെള്ളവും, മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവര്‍ക്കാണ് നിലവില്‍ രോഗലക്ഷണങ്ങള്‍ കണ്ടത്. പുഴയിലേക്ക് നിരവധി ഹോട്ടലുകളില്‍ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നുണ്ട്. ഈ ഹോട്ടലുകള്‍ അടപ്പിക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
അതേസമയം, രോഗപ്രതിരോധ നടപടികളുടെ ഏകോപനത്തിനായി വഴിക്കടവ് പഞ്ചായത്ത് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ നമ്ബര്‍ :8547918270, 9496127586, 9495015803.