കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണല്‍ ഓഫീസിലേക്ക് 30 ഓളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി പ്രവര്‍ത്തനം തടസപ്പെടുത്തി. ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം.
സെക്യൂരിറ്റി ജീവനക്കാരെ തളളിമാറ്റി ഓഫീസിലേക്ക് കയറിയ പ്രവര്‍ത്തകര്‍ നാലാം നിലവരെ ബാനറുമായി എത്തി. ഓഫീസിനു മുന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അധിക്ഷേപ ബാനറും ഉയര്‍ത്തി. ഇതേ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റര്‍ അഭിലാഷ് ജി നായര്‍ നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. അതിക്രമം നടന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പരാതിക്കൊപ്പം തെളിവായി നല്‍കിയിട്ടുണ്ട്.
അതേസമയം, മാധ്യമ സ്ഥാപനത്തിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല ഗുണ്ടായിസമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പത്രക്കുറിപ്പില്‍ വിശദമാക്കി.