കോഴിക്കോട്: കെ.പി.സി.സി നേതൃത്വത്തിതിനെതിരായ എം.കെ.രാഘവൻ എം.പിയുടെ വിമര്‍ശനത്തില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ റിപ്പോര്‍ട്ട് നല്‍കി. പൊതുവേദിയിലെ പരസ്യപരാമര്‍ശം ശരിയായില്ല. പരാമര്‍ശം അനുചിതവും അനവസരത്തിലുമാണെന്നും കെ.പി.സി.സി പ്രസിഡന്റിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പാർട്ടി വേദിയിൽ പറയേണ്ടത് പരസ്യമായി പറയരുത് എന്ന നിർദേശം കോൺഗ്രസിലും ഉണ്ടെന്നും എന്നാൽ എം കെ രാഘവൻ പറഞ്ഞത് മാധ്യമങ്ങളിലൂടെ ലോകം കണ്ടതാണെന്നും പ്രവീൺ കുമാർ പറഞ്ഞു. കെപിസിസി പ്രസിഡൻ്റ് നൽകിയ രഹസ്യ റിപ്പോർട്ടിൽ എല്ലാ കാര്യങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം ചേർത്താണ് ഇ-മെയിൽ വഴി റിപ്പോർട്ട് നൽകിയത്. തിരിച്ചു വരാൻ ശ്രമിക്കുന്ന കോൺഗ്രസ് പാർട്ടിയെ ക്ഷീണിപ്പിക്കുന്ന ഒരു പരാമർശവും നേതാക്കളിൽ നിന്ന് ഉണ്ടാകാൻ പാടില്ല. അത് കൊണ്ട് കൂടിയാണ് കെപിസിസി പ്രസിഡൻ്റ് അടിയന്തര റിപ്പോർട്ട് തേടിയത്. ഇതനുസരിച്ചാണ് സംഭവത്തിന്റെ ചൂടാറും മുമ്പേ കോഴിക്കോട് ഡിസിസി റിപ്പോർട്ട് നൽകിയത്.
ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോണ്‍ഗ്രസ് രീതിയെന്നായിരുന്നു രാഘവന്റെ പരാമര്‍ശം. പാർട്ടിയിൽ വിയോജിപ്പും വിമർശനവും നടത്താൻ പറ്റാത്ത സ്ഥിതിയാണ്. ലീഗിൽ പോലും ഉൾപ്പാർട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചുവെന്നും എം.കെ.രാഘവന്‍ കോഴിക്കോട്ട് പറഞ്ഞു. പി.ശങ്കരന്‍ സ്മാരക പുരസ്കാരം കെ.പിസിസി മുന്‍ അധ്യക്ഷന്‍ വി,എം സുധീരന് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തെ എം.കെ രാഘവന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.