സംസ്ഥാനത്ത് 40 ലക്ഷത്തിലേറെ പേരാണ് സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരുള്ളത്. കൃത്യമായി ഓരോ മാസവും ലഭിക്കാറില്ലെങ്കിലും വൈകിയെങ്കിലും പെൻഷൻ ഓരോ ആളുകൾക്കും ലഭിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ വരുമാന സർട്ടിഫിക്കറ്റ് ഇനിയും ഹാജരാക്കാത്തതിന്റെ പേരിൽ 10 ലക്ഷത്തോളം പേർക്കാണ് വരുമാനം മുടങ്ങാൻ പോകുന്നത്. ഈ വരുമാനം കൂടി മുടങ്ങിയാൽ മരുന്ന് വാങ്ങാൻ ഉൾപ്പെടെ ഈ പണത്തെ ആശ്രയിക്കുന്നവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് വളരെ വലുതാകും.
2019 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ചവരാണ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. ഇന്നും സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ ഇവർ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാകും. മാർച്ച് മുതൽ പെൻഷൻ മുടങ്ങുകയും ചെയ്യും. പിന്നീട് രേഖ ഹാജരാക്കിയാലും കുടിശിക വന്ന പെൻഷൻ തുക ലഭിക്കുകയുമില്ല.
2019 ഡിസംബർ 31 വരെയുള്ള കണക്ക് പ്രകാരം, 40.91 ലക്ഷം പേരായിരുന്നു ഗുണഭോക്താക്കൾ. ഇവരിൽ 30.71 ലക്ഷം പേർ മാത്രമാണ് ഇതുവരെ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്നു സർക്കാരിന്റെ പരിശോധനയിൽ വ്യക്തമായി. ഇന്ന് രേഖ സമർപ്പിക്കാനുള്ള അവസാന തിയ്യതി ആണെന്നിരിക്കെ, ബാക്കിയുള്ള പത്ത് ലക്ഷത്തിലേറെ പേർ എല്ലാവരും ഇന്ന് സമർപ്പിക്കുമെന്ന് ഉറപ്പില്ല. അതിനാൽ തന്നെ നിരവധിപ്പേർ പട്ടികയ്ക്ക് പുറത്താകും.
അർഹതയുള്ളവർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്കു പെൻഷൻ പുനഃസ്ഥാപിച്ചു കിട്ടുമെന്ന് സർക്കാർ പറയുന്നുണ്ട്. എന്നാൽ അത് അത്ര എളുപ്പമാകില്ല. ആദ്യമായി പെൻഷന് അപേക്ഷിക്കുന്നത് പോലും വീണ്ടും എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ടിവരും. അപ്പോഴുള്ള പ്രധാന പ്രശ്നം, കുടിശിക കിട്ടില്ല എന്നതാകും. നിലവിൽ ഡിസംബർ മാസത്തെ പെൻഷൻ ആണ് നൽകിവരുന്നത് എന്നതിനാൽ ഇപ്പോൾ തന്നെ രണ്ട് മാസത്തെ കുടിശിക ഉണ്ട്. അത് മുടങ്ങും.
പെൻഷൻ വാങ്ങുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് നിർദേശം വന്നത്. വില്ലേജ് ഓഫിസർമാരാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതിനായി അപേക്ഷ സമർപ്പിക്കാൻ അക്ഷയ കേന്ദ്രങ്ങളിലും മറ്റും മാസങ്ങളോളം വൻ തിരക്കായിരുന്നു. ഏറെ സമയം ലഭിച്ചു എന്നതിനാൽ തന്നെ ഇനി സമയം ദീർഘിപ്പിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല.
1600 രൂപയാണ് സാമൂഹിക സുരക്ഷാ പെൻഷനായി സംസ്ഥാനം നൽകി വരുന്നത്. പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവരായിരിക്കണം പെൻഷൻ വാങ്ങുന്നവർ എന്ന നിർദേശമുണ്ട്. കർഷകത്തൊഴിലാളി പെൻഷൻ, വാർധക്യ പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിത പെൻഷൻ, വിധവ പെൻഷൻ എന്നിങ്ങനെ 5 തരത്തിൽ സാമൂഹികസുരക്ഷാ പെൻഷൻ നൽകി വരുന്നുണ്ട്.