ന്യൂ ഡല്‍ഹി: സ്വര്‍ണ്ണ പാത്രം കൊണ്ട് മൂടിവെച്ചാലും ലൈഫ് മിഷന്‍ കോഴക്കേസിലെ സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവായിരിക്കെ താന്‍ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സത്യമാണെന്ന് തെളിയുകയാണ്. അന്വേഷണം ഇനിയും മുന്നോട്ടു പോയാല്‍ കൂടുതല്‍ വമ്പന്‍ സ്രാവുകള്‍ പിടിയിലാകുമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണ് കേസുകള്‍ കോള്‍ഡ് സ്റ്റോറേജില്‍ വച്ചത്. ഇപ്പോള്‍ കൂട്ടുകെട്ട് പൊട്ടിയോ എന്നാണ് സംശയമെന്നും ചെന്നിത്തല പ്രതികരിച്ചു.
മൂന്ന് ദിവസത്തെ തുടര്‍ച്ചയായി ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രി 11.30 ഓടെയാണ് ശിവശങ്കറിന്റെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്. ലൈഫ് മിഷന്‍ കേസിലെ ആദ്യ അറസ്റ്റ് ആണ് ശിവശങ്കരന്റേത്. കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. സ്വപ്ന സുരേഷ്, സരിത്, സന്ദീപ്, തിരുവനന്തപുരം സ്വദേശി യദു കൃഷ്ണന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.