അഗർത്തല: ത്രിപുരയിലെ സിപിഎം–കോൺഗ്രസ് കൂട്ടികെട്ടിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്നാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. സിപിഎം–കോൺഗ്രസ് കൂട്ടുകെട്ടിനെ പിന്തുണച്ച് മറ്റു ചില പാർട്ടികൾ പിന്നിലുണ്ടെന്നും എന്നാൽ ഈ സഖ്യത്തിന് വോട്ടു ചെയ്താൽ അത് സംസ്ഥാനത്തെ അനേക വർഷം പിന്നോട്ട് അടിക്കുന്നതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. രാധാകിഷോർപൂരിൽ നടന്ന പ്രചാരണറാലിയിലാണ് മോദിയുടെ പരാമർശം.
കോൺഗ്രസും ഇടത് പാർട്ടികളും ജനങ്ങളെ കൂടുതൽ ദരിദ്രരാക്കി മാറ്റുന്നു. ജനങ്ങൾക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നവർ അവരുടെ സങ്കടങ്ങൾ അറിയുന്നില്ലെന്നും മോദി വിമര്‍ശിച്ചു. ത്രിപുരയിലെ ജനങ്ങളെ വർഷങ്ങളായി കൊള്ളയടിച്ചവർ തെരഞ്ഞെടുപ്പിൽ ഒന്നിക്കുകയാണ്, ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാറാണ് ത്രിപുരയിൽ വികസനമെത്തിച്ചതെന്നും മോദി പറഞ്ഞു.
ഒരുകാലത്ത് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ സിപിഎം പ്രവർത്തകർ കയ്യേറിയിരുന്നു. എന്നാൽ ബിജെപി ഭരണത്തിൻ കീഴിൽ ഇവിടെ നിയമവാഴ്ചയുണ്ടായി. ഭയത്തിന്റെ അന്തരീക്ഷത്തിൽനിന്ന് ബിജെപി ജനങ്ങളെ മുക്തരാക്കി. മുൻപ് സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥ ദയനീയമായിരുന്നു. എന്നാൽ ഇപ്പോൾ തല ഉയർത്തിപ്പിടിച്ചാണ് അവർ വീടുകളിൽനിന്ന് പുറത്തിറങ്ങുന്നതെന്നും മോദി പറഞ്ഞു.
അതേസമയം, ത്രിപുരയിൽ അർദ്ധ സൈനിക വിഭാഗത്തിന് പകരം ഗുജറാത്ത് അസം പൊലീസിനെ വിന്യസിച്ചതിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുൻ മുഖ്യമന്ത്രി മണിക് സർക്കാർ എന്നിവർ ത്രിപുരയിൽ സി പി എമ്മിനായി പ്രചാരണം നടത്തുന്നുണ്ട്. കോൺഗ്രസ് പ്രചാരണത്തിനായി അധിർ രഞ്ജൻ ചൗധരിയും ഇന്ന് ത്രിപുരയിൽ എത്തി.