ശൈശവ വിവാഹം തടയുക എന്ന പേരിൽ അസമിൽ നടക്കുന്ന കൂട്ട അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. വെള്ളിയാഴ്ച മുതൽ 2,400-ലധികം പേരെ സംസ്ഥാന പോലീസ് അറസ്റ്റ് ശൈശവ വിവാഹത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേതുടർന്ന് വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ അസമിൽ നൂറുകണക്കിന് സ്ത്രീകൾ പ്രതിഷേധത്തിലാണ്. എന്നാൽ ഇത് ബിജെപി സർക്കാരിന്റെ മുസ്‌ലിം വിരുദ്ധ നയത്തിന്റെ ഭാഗമാണെന്ന ആരോപണവുമായി കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നു.
2400 ലേറെ ബന്ധുക്കളായ പുരുഷൻമാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വൻജനക്കൂട്ടമാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. മുഖ്യമായും അറസ്റ്റിലായവരുടെ ഭാര്യമാരും ബന്ധു സ്ത്രീകളുമാണ് പ്രതിഷേധം നയിച്ചത്. എന്നാൽ ക്രൂരമായാണ് സ്ത്രീകളുടെ ഈ പ്രതിഷേധത്തെ പൊലീസ് നേരിട്ടത്. ശനിയാഴ്ച ധുബ്രി ജില്ലയിൽ പോലീസ് പ്രതിഷേധക്കാരെ മർദിക്കുകയും അവരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ പത്രം റിപ്പോർട്ട് ചെയ്തു.
അറസ്റ്റിലായ 2400 ലധികം വരുന്നവരിൽ ബാല വധുക്കൾ എന്ന് ആരോപിക്കപ്പെടുന്നവരുടെ ഭർത്താക്കന്മാരും ബന്ധുക്കളും വിവാഹത്തിന് നേതൃത്വം നൽകിയ പുരോഹിതരും ഉൾപ്പെടുന്നു. എന്നാൽ പൊലീസിന്റെ ഈ കൂട്ട അറസ്റ്റ് ഇതിൽ നിൽക്കില്ലെന്ന നിലപാട് സർക്കാർ തന്നെ പങ്കുവെക്കുന്നുണ്ട്. 8100 ലധികം ആളുകളുടെ ലിസ്റ്റ് പൊലീസിന്റെ കൈവശം ഉണ്ടെന്ന് പറഞ്ഞത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്നെയാണ്.
തന്റെ സർക്കാരിന്റെ “യുദ്ധം” ശൈശവ വിവാഹത്തിനെതിരെയാണെന്നും ഒരു സമുദായത്തെ ലക്ഷ്യം വയ്ക്കുന്നതല്ലെന്നും ഹിമന്ത ബിശ്വ ശർമ്മ പറയുന്നു.
വിവാഹ ചടങ്ങുകൾ നടത്തിയ വരന്മാരുടെ മാതാപിതാക്കളും പൂജാരിമാരും ഉൾപ്പെടെ 8,100-ലധികം പേരുടെ പേരുകൾ ഇതുവരെ പോലീസ് പരാതികളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഇക്കാര്യത്തിൽ യാതൊരു സഹിഷ്ണുതയും ഇല്ലാതെ പ്രവർത്തിക്കാൻ താൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ മുസ്‌ലിംകളെ ആനുപാതികമല്ലാത്ത രീതിയിൽ ലക്ഷ്യമിടുന്നുവെന്നാരോപിച്ച പ്രതിപക്ഷ നേതാക്കൾ ഈ ഡ്രൈവിനെ “പ്രഹസനം” എന്ന് വിശേഷിപ്പിച്ചു. എന്നാൽ സർക്കാർ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള കേസുകൾ തപ്പിയെടുത്ത് മുസ്‌ലിം വിഭഗത്തിനെതിരെ നടത്തുന്ന ഈ അക്രമം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ പറയുന്നു.
പുരുഷാധിപത്യ പാരമ്പര്യങ്ങളും ദാരിദ്ര്യവും കാരണം ശൈശവ വിവാഹം ഇപ്പോഴും രാജ്യത്തിന്റെ പല ഭാഗങ്ങളിലും തുടരുന്നു. ഇന്ത്യയിൽ 18 വയസ്സിന് താഴെയുള്ള പെൺകുട്ടികൾ വിവാഹം കഴിക്കുന്നത് നിയമവിരുദ്ധമാണ്. പക്ഷേ, സർക്കാർ കണക്കുകൾ പ്രകാരം 10 പെൺകുട്ടികളിൽ രണ്ടുപേരും 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നു.
എന്നാൽ മുസ്‌ലിങ്ങൾക്കിടയിൽ കൂടുതലും മുസ്‌ലിം വ്യക്തിനിയമപ്രകാരം വിവാഹം കഴിക്കുന്നവരാണ്. ഇതുപ്രകാരം പെൺകുട്ടികൾക്ക് ശാരീരികമായ പ്രായപൂർത്തിയായാൽ വിവാഹം കഴിക്കാം. എന്നാൽ ഇത് മുസ്ലിങ്ങൾക്കിടയിലെ മാത്രം കാര്യമല്ല. ജാതീയമായും സാമ്പത്തികമായും വിഭജിക്കപ്പെട്ട ഇന്ത്യയിൽ പിന്നോക്കം നിൽക്കുന്നവർ എല്ലാം ഇത്തരം വിവാഹങ്ങൾ നടത്തിവരുന്നുണ്ട്. എന്നാൽ ബിജെപി ഉൾപ്പെടെയുള്ള വലതുപക്ഷ ശക്തികളുടെയെല്ലാം ‘വേട്ട’ മുസ്‌ലിം വിഭാഗത്തിന് നേരെയാണ്.
മുസ്‌ലിം സ്ത്രീകളുടെ വിവാഹപ്രായം മറ്റ് മതസ്ഥരുടെ വിവാഹപ്രായം ആക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 വയസ്സായി ഉയർത്തണമെന്ന കേന്ദ്ര സർക്കാരിന്റെ ബിൽ ഇന്ത്യൻ പാർലമെന്റിന്റെ പരിഗണനയിലാണ്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഉൾപ്പെടുന്ന ഭാരതീയ ജനതാ പാർട്ടി, എല്ലാ പൗരന്മാർക്കും ബാധകമായ ഏകീകൃത സിവിൽ കോഡിന് വേണ്ടി നിരന്തരം രംഗത്തുണ്ട്. ഇന്ത്യയുടെ വൈവിധ്യത്തെ തകർക്കുന്നതാകും ഏകീകൃത സിവിൽ കോഡ് എന്ന ആരോപണവും ഇതിനെതിരെ ഉയരുന്നുണ്ട്.
എന്നാൽ സർക്കാർ നിലവിൽ അസമിൽ നാത്തുന്ന അടിച്ചമർത്തലിനെ “വിചിത്രം” എന്നാണ് തൃണമൂൽ കോൺഗ്രസ് പാർട്ടി നേതാവ് റിപുൺ ബോറ വിശേഷിപ്പിച്ചത്. സംസ്ഥാന സർക്കാർ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള ഒരു നിയമനിർമ്മാതാവായ ഗൗരവ് ഗൊഗോയ് ഈ നീക്കത്തെ സർക്കാരിന്റെ പി.ആർ വർക്ക് ആണെന്നാണ് വിശേഷിപ്പിച്ചത്. “ശരിയായ അന്വേഷണമോ നടപടിക്രമങ്ങൾ പാലിക്കാതെയോ പതിറ്റാണ്ടുകൾ പഴക്കമുള്ള കേസുകൾ” പോലീസ് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച അറസ്റ്റ് ആരംഭിച്ചത് മുതൽ, അറസ്റ്റിലായ പുരുഷന്മാരുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനുകൾക്ക് പുറത്ത് പ്രതിഷേധത്തിലാണ്. അറസ്റ്റിലായ പുരുഷന്മാർ തങ്ങളുടെ കുടുംബത്തിന്റെ പ്രാഥമിക ഉപജീവനം നടത്തുന്നവരാണെന്നും തങ്ങൾ അവരെ പൂർണ്ണമായും ആശ്രയിക്കുന്നവരാണെന്നും പല സ്ത്രീകളും പറയുന്നു. എന്നാൽ അറസ്റ്റിലായവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാമെന്ന നിലപാടിലാണ് സർക്കാർ. പക്ഷേ അതൊന്നും അവരുടെ ആശങ്കൾക്ക് പരിഹാരമാകുന്നില്ല.
“എന്റെ കുട്ടിയെ ഞാൻ എങ്ങനെ പരിപാലിക്കും എന്നാലോചിക്കുമ്പോൾ എനിക്ക് കടുത്ത ആശങ്കയുണ്ട്,” ഒരു സ്ത്രീ ഇന്ത്യൻ എക്സ്പ്രസ് പത്രത്തോട് പറഞ്ഞു.
“എന്റെ ഭർത്താവ് വയലിൽ ജോലി ചെയ്യുന്നു, ഞാൻ അദ്ദേഹത്തെ പൂർണ്ണമായും ആശ്രയിക്കുന്നു,” മറ്റൊരു സ്ത്രീ പറഞ്ഞു. തനിക്ക് അടിസ്ഥാന പ്രാഥമിക വിദ്യാഭ്യാസം മാത്രമേയുള്ളൂവെന്നും ഭർത്താവിനെ പുറത്തിറക്കാൻ നിയമസഹായം എങ്ങനെ തേടണമെന്ന് അറിയില്ലെന്നും അവർ ചോദിക്കുന്നു.
14 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചതിന് കുറ്റാരോപിതരായ പുരുഷന്മാർക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ) പൊലീസ് ചുമത്തിയിട്ടുണ്ട്. ഇതുപ്രകാരം ഏഴ് വർഷം തടവ് മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. മാത്രമല്ല പ്രതിക്ക് ജാമ്യവും ലഭിക്കില്ല.
ഇതിനുപുറമെ, 14 നും 18 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചതായി ആരോപിക്കപ്പെടുന്നവർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം രണ്ട് വർഷം തടവും 100,000 രൂപ പിഴയും ലഭിക്കും.
എന്നാൽ, ഭാവിയിൽ ആയിരക്കണക്കിന് പെൺകുട്ടികളെ ശൈശവ വിവാഹങ്ങളിൽ നിന്ന് രക്ഷിക്കാൻ, “ഒരു തലമുറ കഷ്ടപ്പെടേണ്ടിവരും” എന്നാണ് മുഖ്യമന്ത്രിയുടെയും ബിജെപിയുടെയും നിലപാട്. ശൈശവ വിവാഹത്തിനെതിരായ നടപടികൾ അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുന്ന 2026 വരെ തുടരുമെന്ന് ശർമ്മ പറഞ്ഞു.
ഒരു പുരോഗമന കാലഘട്ടത്തിൽ ബിജെപി സർക്കാരിന്റെ ഈ നിലപാട് അങ്ങേയറ്റം ലജ്ജാകരമാണ്. ഒരു ജീവൻ നശിപ്പിച്ചല്ല മറ്റൊരു തലമുറയെ സംരക്ഷിക്കേണ്ടത്. ബാല വിവാഹങ്ങൾ തടയാനാണ് സർക്കാർ സംവിധാനങ്ങൾ ശ്രമിക്കേണ്ടത്. അതിന് കൃത്യമായ ബോധവത്‌കരണം മുതലുള്ള കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതൊന്നും നടത്താതെ, പതിറ്റാണ്ടുകൾ പഴക്കമുള്ള കേസുകൾ തപ്പിയെടുത്ത് നിലവിൽ കുടുംബമായി കഴിയുന്നവരെ ദ്രോഹിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
ശൈശവ വിവാഹങ്ങൾ നടക്കുന്നതിന് മതപരമായും, സാമൂഹികപരമായും, സാമ്പത്തികമായും, വിദ്യഭ്യാസപരമായും ഉള്ള കാരണങ്ങൾ ഉണ്ട്. അങ്ങേയറ്റം സാമൂഹിക അസമത്വവും സാമ്പത്തിക അസമത്വവും നിലനിൽക്കുന്ന പ്രദേശങ്ങളിൽ ശൈശവ വിവാഹങ്ങൾ സാധാരണമായി നടന്നുവരുന്നുണ്ട്. ഇവിടെയാണ് ബിജെപി ശൈശവ വിവാഹത്തിനെതിരെ ഒരു പദ്ധതികളും ആവിഷ്കരിക്കാതെ ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ലക്ഷ്യം വെക്കുന്നത്.