ജാതി മാറാത്ത ഇന്ത്യ; ദലിതർ തുറക്കുന്ന ക്ഷേത്രങ്ങളിലെ പ്രതീക്ഷകൾ

മുവ്വായിരത്തോളം ജാതികളും ഇരുപത്തിഅയ്യായിരത്തിലേറെ ഉപ ജാതികളും നിലനിന്നിരുന്ന രാജ്യമാണ് ഇന്ത്യ. ജോലിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രധാനമായും ജാതികൾ ഉടലെടുത്തത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ജാതികൾക്കിടയിൽ സാധാരണമായിരുന്നു. ഉയർന്ന ജാതിക്കാർ എന്ന് അവകാശപ്പെട്ടിരുന്ന വിഭാഗം മറ്റു വിഭാഗങ്ങൾക്ക് മേൽ നടത്തിയിരുന്ന ചൂഷണം വളരെ വലുതായിരുന്നു. അങ്ങേയറ്റം മനുഷ്യാവകാശ ലംഘനങ്ങൾ ആണ് ഇക്കൂട്ടർ നടത്തി വന്നിരുന്നത്. ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇക്കൂട്ടർ സാധാരണക്കാരായ മനുഷ്യർക്ക് നൽകിയിരുന്നില്ല. 

എന്നാൽ സ്വാതന്ത്ര്യ ലബ്ദിയോടെ തന്നെ ജാതിയുടെ മേൽക്കോയ്മക്ക് ഭരണഘടന അന്ത്യം കുറിച്ചതാണ്. മാത്രമല്ല, ജാതിയുടെ പേരിൽ നടത്തുന്ന വിവേചനങ്ങൾ ഇന്ത്യയിൽ നിലവിൽ കുറ്റകൃത്യമാണ്. ജാതി വിവേചനം ഇന്ത്യയിൽ നിരോധിക്കപ്പെട്ടതാണ്. ജാതി സിസ്റ്റവുമായി ബന്ധപ്പെട്ട തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ, വിവേചനം തുടങ്ങിയ എല്ലാം നിലവിൽ ഇന്ത്യയിൽ നിരോധിക്കപ്പെട്ടതും അങ്ങനെ ചെയ്‌താൽ അത് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യവുമാണ്. 

എന്നാൽ, കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ജാതി വ്യവസ്ഥ ഇന്ത്യയിൽ ഇപ്പോഴും ശക്തമാണ്. ജാതിയുടെ പേരിൽ അയിത്തം കല്പിക്കപ്പെടുന്നതും അവ ലംഘിക്കുന്നവരെ ‘ഉയർന്ന ജാതി’ (?) എന്നവകാശപ്പെടുന്നവർ അതിക്രൂരമായി ശിക്ഷിക്കുകയും ചെയ്യുന്നുണ്ട്. മരണ ശിക്ഷ പോലും വിധിക്കപ്പെടുന്നുണ്ട് എന്നതാണ് വസ്തുത. 

ആരാധന സ്വാതന്ത്യ്രം ഇന്ത്യയിൽ എല്ലാവര്ക്കും ഒരുപോലെ ലഭിക്കുന്ന മൗലിക അവകാശമാണ്. എന്നാൽ പല ക്ഷേത്രങ്ങളും ഇപ്പോഴും സാധാരണക്കാർക്ക് അയിത്തം കല്പിക്കുന്നതാണ്. ക്ഷേത്രത്തിലെ കർമ്മങ്ങൾ നടന്നുവരുന്നത് നേരത്തെ പറഞ്ഞ ഉന്നതർ ആണ്. ഇവിടെ ദലിതർക്കോ മറ്റോ അവകാശമില്ല. എന്നാൽ ചിലക്ഷേത്രങ്ങളിൽ ദലിതർക്ക് പ്രവേശിക്കാൻ പോലും അനുവാദമില്ല. എന്നാൽ ഈ അടുത്തായി തമിഴ്‌നാട്ടിലെ രണ്ട് ക്ഷേത്രങ്ങൾ ‘ഉന്നതരുടെ’ വിലക്കുകൾ എല്ലാം ലംഘിച്ച് ദലിതർ പ്രവേശനം നേടി.

   
തെൻമുടിയന്നൂർ ക്ഷേത്രം

എട്ടു പതിറ്റാണ്ടോളമായി പ്രവേശനമില്ലാതിരുന്ന തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ തെൻമുടിയന്നൂർ ക്ഷേത്രത്തിൽ ആരാധന നടത്തി ദലിതർ ചരിത്രം കുറിച്ചത് കഴിഞ്ഞ ദിവസമാണ്. ഇരുന്നൂറോളം ദലിതരാണു ക്ഷേത്രത്തിൽ പ്രവേശിച്ചത്. ‘പ്രബല’ സമുദായത്തിന്റെ കടുത്ത എതിർപ്പുണ്ടായിട്ടും ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു ദലിതരുടെ ക്ഷേത്രപ്രവേശനം. പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നീക്കം. 

500ലേറെ ദലിത് കുടുംബങ്ങൾ താമസിക്കുന്ന തെൻമുടിയന്നൂരിലെ 200 വർഷം പഴക്കമുള്ള ക്ഷേത്രമാണിത്. പ്രാർഥനകൾക്കു വെവ്വേറെ ക്ഷേത്രങ്ങൾ ഉപയോഗിക്കുക എന്ന ഉടമ്പടിയാണ് ഗ്രാമത്തിൽ നിലനിന്നിരുന്നത്. 

ക്ഷേത്രത്തിലേക്ക് ദലിതർക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടവും പൊലീസും ചർച്ച നടത്തിയിരുന്നെങ്കിലും പ്രബല സമുദായത്തിന്റെ എതിർപ്പ് ശക്തമായിരുന്നു. 

എന്നാൽ, ദലിതർ പ്രവേശനം നടത്തി എന്നത് കൊണ്ട് ഇനി മുതൽ ഈ ക്ഷേത്രത്തിൽ ദലിതർക്ക് സ്ഥിരമായി ആരാധന നടത്താം എന്നർത്ഥമില്ല. പ്രബലരുടെ എതിർപ്പ് പ്രതിഷേധമായി ഉയർന്നിട്ടുണ്ട്. ദലിതർ പ്രവേശിച്ച ക്ഷേത്രം മുദ്രവയ്ക്കണം എന്നാവശ്യപ്പെട്ട് 750ലേറെ പേർ പ്രതിഷേധവുമായി രംഗത്തെത്തി. സംഘർഷ സാധ്യത ഒഴിവാക്കാൻ‌ പ്രദേശത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

കള്ളക്കുറിച്ചി വരദരാജ പെരുമാൾ ക്ഷേത്രം

ഈ വർഷം ആദ്യം തന്നെയാണ് തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വരദരാജ പെരുമാൾ ക്ഷേത്രത്തിലെ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന ജാതി വിലക്കിന് ദലിതർ അന്ത്യം കുറിച്ചത്. ഇരുന്നൂറ് വർഷങ്ങളായി സവർണർക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന ക്ഷേത്രത്തിൽ ദലിത് വിഭാഗത്തിൽപ്പെട്ട പ്രദേശവാസികൾ പ്രവേശിക്കുകയായിരുന്നു.

ക്ഷേത്രത്തിലെ സവർണ ആധിപത്യത്തിന് എതിരെ പ്രദേശവാസികളായ നൂറോളം കുടുംബങ്ങൾ മാസങ്ങളായി നടത്തി വന്നിരുന്ന പ്രതിഷേധവും ഉദ്യോഗസ്ഥതല ഇടപെടലും ഫലം കണ്ടതോടെയാണ് ജനുവരി രണ്ടാം തീയതി പ്രവേശനവിലക്കിന് അന്ത്യം കുറിച്ചത്.

വരദരാജ പെരുമാൾ ക്ഷേത്രത്തിലെ പ്രത്യേക വിഭാഗത്തിനായുള്ള പ്രവേശനവിലക്ക് ഒഴിവാക്കാനായുള്ള ശ്രമങ്ങൾ വർഷങ്ങളായി തുടർന്നു വരികയായിരുന്നു. പ്രതിഷേധങ്ങളും ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനവും അടക്കം സമർപ്പിച്ചിട്ടും ക്ഷേത്ര ഭരണസമിതി ദലിതർക്ക് ചാർത്തിയിരുന്ന പ്രവേശനവിലക്ക് മാറ്റാൻ കൂട്ടാക്കിയിരുന്നില്ല. 

ഇതിനിടയിൽ ക്ഷേത്രത്തിൽ ചിലർ കടന്ന് ആരാധന നടത്താൻ ശ്രമിച്ചത് അനിഷ്ട സംഭവങ്ങളിലേയ്ക്ക് വഴിവെച്ചിരുന്നു. ഇതിനെ തുടർന്ന് ആറ് മാസം മുൻപ് പ്രദേശവാസികൾ ക്ഷേത്രപ്രവേശനത്തിനായി നിരന്തര സമരം ആരംഭിച്ചിരുന്നു.

സമരത്തെ തുടർന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന സമവായ ചർച്ചകളായിരുന്നു ഒരു പരിധി വരെ വിഷയത്തിന് അവസാനം കാണാൻ സഹായകരമായത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളെ കൂടാതെ ദേവസ്വം മന്ത്രിയുടെ ഓഫീസിലെത്തി സമരക്കാർ നിവേദനവും സമർപ്പിച്ചിരുന്നു. ഒടുവിൽ ക്ഷേത്ര പ്രവേശനത്തിന് അനുകൂല വിധി ലഭിച്ചതോടെയാണ് നൂറുകണക്കിന് ആളുകൾ ക്ഷേത്രത്തിലെത്തി ആരാധന നടത്തിയത്.

സ്വർഗയിലെ ശ്രീ ജഡാധാരി ക്ഷേത്രം

തെൻമുടിയന്നൂർ ക്ഷേത്രം, കള്ളക്കുറിച്ചി വരദരാജ പെരുമാൾ ക്ഷേത്രം എന്നിവ ഒരു പുതിയ മാറ്റത്തിന് തുടക്കമിട്ടപ്പോൾ അതിനെയെല്ലാം റദ്ദ് ചെയ്യുന്ന ഒരു ക്ഷേത്രം നമ്മുടെ കേരളത്തിൽ ഉണ്ട്. ദലിതർ കയറിയതിനെ തുടർന്ന് വർഷങ്ങളായി അടച്ചിട്ട ക്ഷേത്രം കേരളത്തിലെ കാസർഗോഡ് ജില്ലയിലെ എൻമകജെ പഞ്ചായത്തിലാണ്. സ്വർഗയിലെ ശ്രീ ജഡാധാരി ക്ഷേത്രമാണ് ദലിത് യുവാക്കൾ പ്രവേശിച്ചതിനെ തുടർന്ന് ഇന്നും അടഞ്ഞുകിടക്കുന്നത്. 

ദലിത് യുവാക്കൾ കയറിയതിനെ തുടർന്ന് 2018ലാണ് ക്ഷേത്രം താഴിട്ടുപൂട്ടിയത്. ഓരോ ജാതിക്കാർക്കും തെയ്യം കാണേണ്ട സ്ഥലവും ഇവിടെ വേറെ വേറെ നിശ്ചയിച്ചിരിക്കുന്നതും കാണാം. തെയ്യത്തിൽ നിന്നും പ്രസാദം മേടിക്കാനും കീഴ്‌ജാതിക്കാർക്ക് അനുമതിയില്ലായിരുന്നു. കെട്ടിയാടുന്ന ജഡാധാരി കോലത്തിന് മുന്നിൽ വരെ ഇത്തരം നിയന്ത്രണരേഖ വച്ചിരുന്നു.

ക്ഷേത്രത്തിലെ പ്രധാന കവാടത്തുലൂടെയുള്ള പ്രവേശനത്തിന് ദലിതർക്ക് വർഷങ്ങൾക്ക് മുൻപേ തന്നെ വിലക്കുണ്ട്. ഇവര്‍ക്ക് മുന്‍വശത്തെ പടിക്ക് പുറത്തുനിന്ന് പ്രാർഥിക്കാം. പടിയിൽ കയറിയാൽ ആചാര ലംഘനമാകും. അല്ലെങ്കിൽ പിന്‍വശത്ത് കൂടിയുള്ള കാട്ടുവഴിയിലൂടെ കടക്കണം. ഇവിടെയാകട്ടെ കണ്ണൊന്ന് തെറ്റിയാൽ വലിയ കുഴിയിലേക്കും വീഴും. അവര്‍ണര്‍ക്ക് ദൂരെ മാറി തുണിവിരിച്ച് അന്നം വിളമ്പി നൽകും. അതും കഴിച്ചു ദൂരെ നിന്നും പ്രാർഥിച്ചു മടങ്ങണം.

വര്‍ഷത്തില്‍ മൂന്ന് ഉത്സവങ്ങളും ആഴ്ചയില്‍ ചൊവ്വ, ഞായര്‍, ദിവസങ്ങളില്‍ പ്രത്യേക പൂജകളും മാത്രം നടക്കുന്ന ക്ഷേത്രത്തില്‍ ജഡാധാരി തെയ്യം കെട്ടും അന്നദാനവുമാണ് പ്രധാന ചടങ്ങുകള്‍. ദലിതര്‍ ഏറെ ആരാധനയോടെ കാണുന്ന ജഡാധാരി തെയ്യം അവസാനമായി നടന്നത് 2018 നവംബറിലാണ്. നല്‍ക്കദായ എന്ന ദലിത് വിഭാഗക്കാരാണ് തെയ്യം കെട്ടുക. ഇവര്‍ക്കും പൊതുവഴിയിലൂടെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ക്ഷേത്രമുറ്റത്ത് പ്രത്യേകം നിശ്ചയിച്ച പ്രദേശത്താണ് തെയ്യം കെട്ടിയാടുന്നത്. 

ജാതി വിവേചനത്തിന്‍റെ ഈ അതിരുകൾ പൊട്ടിക്കാൻ കൃഷ്‌ണ മോഹൻ എന്ന ദലിത്‌ യുവാവിന്‍റെ നേതൃത്വത്തിൽ ഒരു കൂട്ടം യുവാക്കൾ ക്ഷേത്ര നട കയറി. ഇതോടെ ഹാലിളകിയ സവർണർ ആചാര ലംഘനമുണ്ടായെന്നും ദൈവം കോപിച്ചെന്നും നാട്ടിൽ പ്രചരിച്ചതോടെ ജാതിയുടെ പേരിൽ ക്ഷേത്രം എന്നെന്നേക്കുമായി അടച്ചു.