നൂറു കോടിയിലധികം മൊബൈൽ ഫോൺ ഉപയോക്താക്കളുള്ള ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയാണ്. എന്നിട്ടും, ഈ വിശാലമായ വിപണിയിലെ ഇന്റർനെറ്റ് വളർച്ച സ്തംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
2022 ഒക്ടോബറിൽ, രാജ്യത്തെ ടെലികോം റെഗുലേറ്റർ കണക്ക് പ്രകാരം 79 കോടി വയർലെസ് ബ്രോഡ്‌ബാൻഡ് വരിക്കാർ അതായത് മൊബൈൽ ഫോണുകളിൽ ഇന്റർനെറ്റ് ആക്‌സസ് ചെയ്യുന്ന ആളുകളാണ് രാജ്യത്തുള്ളത്. 2021 ഓഗസ്റ്റിൽ രേഖപ്പെടുത്തിയതിനേക്കാൾ കഷ്ടിച്ച് 10 ലക്ഷം സബ്‌സ്‌ക്രൈബർമാർ മാത്രമാണ് ഒരു വർഷം കൊണ്ട് വളർച്ചയുണ്ടായത്. മൊബൈൽ ഇന്റർനെറ്റ് വരിക്കാരുടെ വളർച്ച 2016-നും 2020-നും ഇടയിൽ ഇരട്ട അക്കത്തിൽ നിന്ന് ഒറ്റ അക്കത്തിലേക്ക് താഴുകയും ചെയ്തിരുന്നു.
സ്‌മാർട്ട്‌ഫോണുകളാണ് ഇന്റർനെറ്റ് ഉപയോഗത്തിനായി പ്രധാനമായി ഇന്ത്യക്കാർ ഉപയോഗിക്കുന്ന ഗേറ്റ്‌വേ. ഇന്ത്യയിൽ നിലവിൽ 65 കോടി സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കളുണ്ടെങ്കിലും വളർച്ചയുടെ വേഗത കുറഞ്ഞു. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൗണ്ടർപോയിന്റിന്റെ കണക്കനുസരിച്ച്, മൊബൈൽ ഫോണുകളുടെ വിൽപ്പന കഴിഞ്ഞ വർഷം ഒന്നര കോടി യൂണിറ്റായി കുറഞ്ഞു, 2021 ൽ ഇത് ഒരു കോടി 68 ലക്സമായിരുന്നു. ഈ വർഷം വിൽപ്പനയിൽ ഒറ്റ അക്ക വളർച്ചയാണ് പ്രവചിക്കുന്നത്.
മറ്റൊരു മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഐഡിസിയുടെ കണക്കനുസരിച്ച്, മൂന്ന് വർഷം മുമ്പ് വരെ, ഉപയോക്താക്കൾ ഓരോ 14-16 മാസത്തിലും ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവർ ഓരോ 22 മാസത്തിലോ അതിലധികമോ സമയമെടുത്താണ് സ്മാർട്ട് ഫോൺ മാറ്റുന്നത്.
കോവിഡ് പാൻഡെമിക്കിന് ശേഷം സ്മാർട്ട്‌ഫോൺ വില ഉയർന്നതാണ് മൊബൈൽ ഫോൺ ഉപയോഗത്തിൽ കുറവുവരുത്തിയത്. ഇന്ത്യൻ നിർമിത സ്‌മാർട്ട്‌ഫോണുകളിലെ 300-ലധികം ഘടകങ്ങളിൽ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥയെ സൂചിപ്പിക്കുന്നതാണെന്നും വിദ്ഗദർ അഭിപ്രായപ്പെടുന്നു.
ഐഡിസിയിലെ നവകേന്ദർ സിംഗ് പറയുന്നതനുസരിച്ച്, ഒരു നല്ല സ്മാർട്ട്‌ഫോണിന്റെ ശരാശരി വില ഇപ്പോൾ ഏകദേശം 22,000 രൂപയാണ്. രണ്ട് വർഷം മുമ്പ് 15,000 രൂപയായിരുന്നു ശരാശരി വില. ഇന്ത്യക്കാരെ സംബന്ധിച്ച് ഇത് കൂടിയ വിലയാണ്. ഇവിടെ വിൽക്കുന്ന ഉപകരണങ്ങളുടെ 80% വിലയും 20,000 രൂപയിൽ താഴെയാണ്.
‘ഇനിയും നിരവധി ആളുകൾ ദാരിദ്ര്യത്തിൽ കഴിയുമ്പോൾ കൂടുതൽ വളർച്ച എവിടെ നിന്ന് വരുമെന്ന് പ്ലഗ് ആൻഡ് പ്ലേ എന്റർടൈൻമെന്റിന്റെ സ്ഥാപകനായ അനുജ് ഗാന്ധിയെപ്പോലുള്ളവർ ചോദിക്കുന്നു.
ഇന്ത്യയിൽ 35 കോടിയിലധികം അടിസ്ഥാന ഹാൻഡ്‌സെറ്റുകൾ അല്ലെങ്കിൽ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവരുണ്ട്. സ്മാർട്ട് ഫോണുകളുടെ വില അവർക്ക് താങ്ങാൻ കഴിയുമെങ്കിൽ അവർ സ്മാർട്ട്‌ഫോണുകളിലേക്ക് മാറാൻ സാധ്യതയുണ്ട്. എന്നാൽ ഇവരിൽ പകുതിയോളം ആളുകളും 1500 രൂപയിൽ താഴെ വിലയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നവരാണ്. അതായത് ഇന്ത്യയിൽ പരമദാരിദ്ര്യം അനുഭവിക്കുന്ന ജനവിഭാഗമാണ് 20 കോടിയോളം ജനങ്ങൾ.
വില കുറഞ്ഞ സ്മാർട്ട് ഫോണുകളും സെക്കന്റ് ഹാൻഡ് വിപണിയും സാധാരണക്കാരായ പലമനുഷ്യരുടേയും ആവശ്യം നിറവേറ്റുന്നുണ്ട്. എന്നാൽ ഇത് വളർച്ചയുടെ അടിത്തറ മെച്ചപ്പെടുത്തുന്നില്ല.
അതേസമയം, ഇന്റർനെറ്റ് വളർച്ചയിലെ മാന്ദ്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നല്ല വാർത്തയല്ല. സ്‌മാർട്ട്‌ഫോണില്ലാതെ, പലർക്കും സർക്കാർ ക്ഷേമ ആനുകൂല്യങ്ങൾ, റേഷനുകൾ, വാക്‌സിനുകൾ എന്നിവ ലഭിക്കാൻ ബുദ്ധിമുട്ടാണ്. മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സർക്കാർ പിന്തുണയുള്ള തത്സമയ പണരഹിത ഇടപാട് പ്ലാറ്റ്‌ഫോമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യുപിഐ) ഈ മാസം മാത്രം പ്രതിദിനം 250 ദശലക്ഷത്തിലധികം ഇടപാടുകൾ നടക്കുന്നുണ്ട്.
ഫോണുകളുടെ വിലക്കയറ്റം മാത്രമല്ല ഇന്റർനെറ്റിന്റെ വളർച്ചയെ മന്ദഗതിയിലാക്കുന്നത്. മിക്ക ആപ്പുകളും സേവനങ്ങളും ഗ്രാമീണ ഇന്ത്യയിലെ ഭാഷകളിലേക്ക് കൂടി മാറേണ്ടതുണ്ട്. സാക്ഷരത അടിസ്ഥാന പ്രശ്നമായ രാജ്യത്ത് ഇംഗ്ലീഷും ഏതാനും ഇന്ത്യൻ ഭാഷകൾ കൊണ്ടും ഇന്റർനെറ്റ് സേവനത്തിന് കൂടുതൽ സ്വീകാര്യത നേടാനാവില്ല. അതിനാൽ ഇനിയുള്ള വളർച്ചയ്ക്ക് ഏറെ സാധാരണക്കാരായ മനുഷ്യരെ കൂടി മുഖവിലക്കെടുത്ത് മാത്രമേ മുന്നോട്ട് പോകാനാവൂ.