ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജിന്‍റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടന ചടങ്ങിനെ ചൊല്ലി സിപിഎമ്മിലും പ്രതിഷേധം. തന്നെ ക്ഷണിക്കാത്തതിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ജി സുധാകരൻ രംഗത്തെത്തി. നിർമ്മാണത്തിനായി ആദ്യവസാനം നിന്നവരെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്നാണ് ജി സുധാകരന്‍റെ വിമര്‍ശനം. 173.18 കോടി രൂപ ചെലവില്‍ നിര്‍മിച്ച ആറുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിക്കുന്നത്.
കെട്ടിടത്തിന്റെ നിര്‍മാണപ്രവൃത്തി ആരംഭിച്ച കാലത്ത് പൊതുമരാമത്ത് മന്ത്രിയും മറ്റു സമയങ്ങളില്‍ എം.എല്‍.എ.യുമായ തന്നെ ക്ഷണിച്ചില്ലെന്ന് സുധാകരന്‍ കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. ആദ്യാവസാനംവരെ ഇതിനായി മുന്നില്‍ നിന്ന തന്നെ ഓര്‍ത്തില്ലെങ്കിലും ഷൈലജയെ ഉള്‍പ്പെടുത്താമായിരുന്നെന്ന് സുധാകരന്‍ പറഞ്ഞു.
‘…ഇതിനായി പ്രവര്‍ത്തിച്ച ചിലരെ പരിപാടിയില്‍ നിന്നും ഒഴിവാക്കി (കെ.സി.വേണുഗോപാല്‍) എന്ന് മാധ്യമങ്ങള്‍ പരാതിപ്പെടുന്നു. ഒഴിവാക്കേണ്ട കാര്യമില്ലായിരുന്നു. ഷൈലജ ടീച്ചറേയും ഉള്‍പ്പെടുത്താമായിരുന്നു. ആദ്യവസാനം മുന്നില്‍ നിന്ന എന്നെ ഓര്‍ക്കാതിരുന്നതില്‍ എനിക്ക് പരിഭവമില്ല. ജനോപകാരമായ, പൊതു സമൂഹത്തിനു വേണ്ടിയുള്ള വികസനങ്ങളില്‍ ഭാഗഭാക്കാവാന്‍ കഴിഞ്ഞതിനുള്ള ചാരിതാര്‍ഥ്യമാണുള്ളത്. ചരിത്ര നിരാസം ചില ഭാരവാഹികള്‍ക്ക് ഏറെ ഇഷ്ടപെട്ട മാനസിക വ്യാപാരമാണ്. അതുകൊണ്ട് ചരിത്രം ഇല്ലാതാകില്ല. അത് തുടര്‍ച്ചയാണ്, പുരോഗമനമാണ്. History is progress അതാണ് ആധുനിക ചരിത്ര മതം. ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഞാന്‍ പറഞ്ഞിരുന്നു, വഴിയരികില്‍ വെക്കുന്ന ഫ്‌ലെക്‌സുകളിലല്ല ജനഹൃദയങ്ങളില്‍ രൂപപ്പെടുന്ന ഫ്‌ലെക്‌സുകളാണ് പ്രധാനം’, സുധാകരന്‍ പറയുന്നു.
നാളെ വൈകിട്ട് 5ന് മുഖ്യമന്ത്രി ആണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നത്. പുന്നപ്ര സ്‌കൂളിന്‍റെ ഉദ്ഘാടന നോട്ടീസിൽ നിന്നും ജി സുധാകരന്‍റെ പേര് ഫോട്ടോഷോപ്പിലൂടെ എച്ച് സലാം എംഎല്‍എയുടെ ഓഫീസ് നീക്കം ചെയ്തത് വിവാദമായിരുന്നു. തുടക്കം മുതല്‍ കെട്ടിടത്തിന് വേണ്ടി പ്രവര്‍ത്തിട്ട കെ സി വേണുഗോപാല്‍ എംപിയെ നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നിന്നൊഴിവാക്കിയത് കോണ്‍ഗ്രസിനെയും ചൊടിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ പല മന്ത്രിമാരും എംഎല്‍എമാരും ഇതിനായി പ്രയത്നിച്ചിട്ടുണ്ടെന്നും എല്ലാവരെയും വിളിക്കുന്ന കാര്യം നടപ്പില്ലെന്നുമാണ് സിപിഎമ്മിന്‍റെ മറുപടി.