രാജ്യത്തെ സാധാരണക്കാരന്റെ സാമ്പത്തിക സ്ഥിതി താഴോട്ട് പോകുമ്പോഴും, തൊഴിലില്ലായ്മ അനുദിനം വർധിക്കുമ്പോഴും രാജ്യത്തെ ദേശീയ പാർട്ടികളുടെ സാമ്പത്തിക സ്ഥിതി മേലോട്ട് കുതിക്കുകയാണ്. പട്ടിണിയും ദാരിദ്ര്യവും രാജ്യത്ത് മുൻപെങ്ങുമില്ലാത്ത വിധം ഉയരുമ്പോൾ രാജ്യം ഭരിക്കുന്ന ബിജെപിയുടെ വരുമാനം 1917 കോടി രൂപയായി ഉയർന്നു. 2020-21ൽ 752 കോടിയിൽ നിന്നും 154 ശതമാനവർധനവാണ് പാർട്ടിക്ക് ഉണ്ടായിരിക്കുന്നത്.
സാമ്പത്തിക വളർച്ചയിൽ ഏറ്റവും മുന്നിൽ ഉള്ളത് പശിമ ബംഗാൾ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിനാണ്. 2020-21 ൽ 74.4 കോടി രൂപയായിരുന്ന വരുമാനം 545.7 കോടി രൂപയായാണ് വർധിച്ചത്. വരുമാനത്തിൽ 633 ശതമാനത്തിന്റെ വർധനയാണുള്ളത്. ഇതോടെ വരുമാനത്തിൽ ബിജെപിക്ക് തൊട്ട് പിന്നിലായി തൃണമൂൽ കോൺഗ്രെസ്സാണ് രണ്ടാം സ്ഥാനത്ത്.
മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ വരുമാനത്തിൽ വർധനവുണ്ടായെങ്കിലും ദേശീയ പാർട്ടികളിൽ മൂന്നാം സ്ഥാനത്താണ് കോൺഗ്രസ്. 2020-21 ലെ 285.7 കോടി രൂപയിൽ നിന്നും വരുമാനം 541.2 കോടിയായി കോൺഗ്രസിന്റെ വരുമാനം ഉയർന്നു.
അതേസമയം കേരളത്തിൽ മാത്രം അധികാരത്തിലുള്ള സിപിഐഎമ്മിൻ്റെ വരുമാനത്തിൽ ഇടിവുണ്ടായി. 2020-21 ലെ 171 കോടിയിൽ നിന്നും വരുമാനം 162.2 കോടിയായാണ് കുറഞ്ഞത്. എന്നാൽ 2021-22 ൽ സിപിഐയുടെ വരുമാനം 2020-21 ലെ 2.1 കോടിയിൽ നിന്ന് 2.8 കോടിയായി ഉയർന്നു.
2021-22ൽ ഏറ്റവും കൂടുതൽ പണം ചെലവാക്കിയതും ബിജെപിയാണ്. 854.46 കോടി രൂപ. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസ് 400 കോടി രൂപയും പോയ വർഷം ചെലവഴിച്ചു. തൃണമൂൽ കോൺഗ്രസ് ചെലവ് 268.3 കോടിയും സിപിഐഎം 83.41 കോടിയും സിപിഐ 1.2 കോടിയും 2021-22 വർഷത്തിൽ ചെലവാക്കി.
പോയ വർഷം തെരഞ്ഞെടുപ്പുകൾക്കായി ഏറ്റവും കൂടുതൽ പണം ചെലവാക്കിയതും ബിജെപിയാണ്. 2021-22 ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചെലവ് 645.8 കോടി രൂപയാണ്. കോൺഗ്രസ് 279.7 കോടിയും തൃണമൂൽ കോൺഗ്രസ് 135 കോടിയും സിപിഐഎം 13 കോടിയും തെരഞ്ഞെടുപ്പുകൾക്ക് വേണ്ടി വിനിയോഗിച്ചു.
പ്രാദേശിക പാർട്ടികളുടെ പട്ടികയിൽ 2021-22ൽ എറ്റും ഉയർന്ന വരുമാനം തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയ്ക്കാണ്. 318.7 കോടി രൂപ. ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡിക്ക് 307.2 കോടിയുമായി രണ്ടാം സ്ഥാനത്തുണ്ട്. ടിആർഎസിന് 279.4 കോടിയും വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്ക് 93.7 കോടിയും കഴിഞ്ഞ വർഷം വരുമാനമായി ലഭിച്ചു.
അതേസമയം, രാഷ്ട്രീയ പാർട്ടികളുടെ വരുമാനവും ആസ്തിയും യഥാർത്ഥ കണക്കുകളേക്കാൾ പല മടങ്ങ് അധികമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. രാജ്യത്ത് കള്ളപ്പണം ഉപയോഗിക്കുന്നതിൽ രാഷ്ട്രീയ നേതാക്കളുടെ പങ്ക് മുൻപ് പലപ്പോഴും പുറത്തുവന്നത് ഈ വിലയിരുത്തലിനെ സാധൂകരിക്കുന്നുണ്ട്.
സാധാരണ ജനങ്ങളുടെ മേൽ അധിക ബാധ്യതകൾ ഏൽപ്പിക്കുന്ന സർക്കാർ അവരുടെ ജീവിതഭാരം വര്ധിപ്പിക്കുകയാണ്. ഇത് ജനങ്ങളുടെ സാമ്പത്തിക രംഗം തകർക്കുന്നുണ്ട്. എങ്കിലും രാഷ്ട്രീയ പാർട്ടികളുടെ സമ്പത്ത് കുമിഞ്ഞ് കൂടുകയാണ്.