ആലപ്പുഴ: വൈകിയെത്തിയ വിദ്യാര്‍ത്ഥികളെ സ്‌കൂളിന് പുറത്താക്കി ഗേറ്റ് അടച്ച് അധികൃതര്‍. ആലപ്പുഴ എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലെ ഇരുപത്തിയഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഒരു മണിക്കൂറിലേറെ നേരം നടുറോഡില്‍ നില്‍ക്കേണ്ടി വന്നത്.
പിന്നീട് രക്ഷിതാക്കളെത്തി സ്‌കൂള്‍ പ്രിന്‍സിപ്പളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് വൈകി വരുന്നവരുടെ രജിസ്റ്ററില്‍ പേര്‍ എഴുതിച്ച ശേഷമാണ് കുട്ടികളെ സ്‌കൂളിന് ഉള്ളിലേക്ക് കയറ്റിയത്. ഇന്ന് രാവിലെയാണ് സംഭവം.
അതേസമയം, ബസ് വൈകിയതിനാലാണ് സ്‌കൂളില്‍ സമയത്ത് എത്താന്‍ കഴിയാതിരുന്നതെന്ന് കുട്ടികള്‍ പറഞ്ഞു. അഞ്ച് മിനിറ്റ് മാത്രം വൈകിയെത്തിയതിനാണ് കുട്ടികളോട് ക്രൂരതയെന്ന് രക്ഷിതാക്കളും പറഞ്ഞു. എന്നാല്‍ സ്ഥിരമായി വൈകിയെത്തുന്ന കുട്ടികളെയാണ് പുറത്താക്കിയതെന്നും ക്ലാസില്‍ വരാതെ കറങ്ങി നടക്കുന്നവരാണ് ഇവരെന്നുമെന്ന നിലപാടിലായിരുന്നു സ്‌കൂള്‍ അധികൃതര്‍. രാവിലെ ഒമ്പത് മണിക്കാണ് സ്‌കൂളില്‍ ബെല്‍ അടിക്കുന്നത്. 9.10 വരെ എത്തിയ കുട്ടികളെ ക്ലാസിലേക്ക് കയറ്റിയെന്നും പ്രിന്‍സിപ്പള്‍ മാത്തുക്കുട്ടി വര്‍ഗീസ് സ്വകാര്യ ചാനലിനോട് പറഞ്ഞു.