മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായെന്ന് വെളിപ്പെടുത്തൽ. സഹോദരീപുത്രൻ അലീഷ പാർക്കർ ആണ് ദാവൂദ് രണ്ടാമതും വിവാഹിതനായെന്ന വിവരം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) മുന്നിൽ വെളിപ്പെടുത്തിയത്.
പാക്കിസ്ഥാനിലുള്ള പഠാൻ വംശജയായ യുവതിയാണ് ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ഭാര്യയെന്നാണു വെളിപ്പെടുത്തൽ. ആദ്യ ഭാര്യ മെഹജബിൻ ഷെയ്ഖുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയെന്ന വാർത്ത വ്യാജമാണെന്നും അലീഷ പാർക്കർ എൻഐഎയോടു പറഞ്ഞു. ഇവർക്ക് മൂന്നു പെൺമക്കളുണ്ട്. വാട്സാപ് കോൾ വഴി മെഹജബിൻ പുറംലോകവുമായി ബന്ധപ്പെടുന്നുണ്ടെന്നും അലീഷ പറയുന്നു.
ഭീകരവാദത്തിന് ധനസഹായം നൽകിയ കേസിലാണ് അലീഷയെ എൻഐഎ ചോദ്യം ചെയ്തത്. കേസിൽ അലീഷയും പ്രതിയാണ്. ധാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മകനാണ് അലീഷ. ദാവൂദ് കുടുംബത്തോടൊപ്പം പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള അബ്ദുല്ല ഗാസി ബാബ ദർഗയ്ക്ക് പിന്നിലെ പ്രതിരോധ മേഖലയിലാണ് താമസിക്കുന്നതെന്നും അലീഷ എൻഐഎയോടു പറഞ്ഞു.
ദാവൂദിന്റെ നേതൃത്വത്തിലുള്ള ‘ഡി-കമ്പനി’യുടെ ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയെന്ന കേസിൽ അറസ്റ്റിലായ പ്രതികൾക്കു ഹവാല വഴി ഇബ്രാഹിം വൻ തുക അയച്ചെന്ന് എൻഐഎ കുറ്റപത്രത്തിൽ ആരോപിക്കുന്നു. ഈ പ്രവർത്തനങ്ങൾ മുംബൈയിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഭീകരാക്രമണങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ടതാണ്. രാഷ്ട്രീയ നേതാക്കളും വ്യവസായികളും ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളെ ആക്രമിച്ച് ഇന്ത്യയിലെ ജനങ്ങളിൽ ഭീതി പടർത്താൻ ഡി-കമ്പനി പ്രത്യേക യൂണിറ്റ് രൂപീകരിച്ചിട്ടുണ്ടെന്നും എൻഐഎ പറയുന്നു.