കൊല്ലം: പത്തനാപുരത്ത് പൊലീസിനെ ആക്രമിച്ച സിപിഐഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. സിപിഐഎം പത്തനാപുരം ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗം ഡെന്‍സന്‍ വര്‍ഗീസ് ആണ് അറസ്റ്റിലായത്. ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന ദിവസം പൊലീസിനെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍.
കഴിഞ്ഞ ഡിസംബർ 18ന് രാത്രി 11.15ഓടെയാണ് കേസിനാസ്പദമായ സംഭവം. പത്തനാപുരം ടൗണിൽ ലോകകപ്പ് ഫുട്ബോൾ കാണാനുള്ള സൗകര്യം ക്രമീകരിച്ചിരുന്നു. ഇതിനിടെ ഒരു സംഘം യുവാക്കൾ ബൈക്കുകൾ റോഡിൽവച്ച് മാർഗതടസ്സം ഉണ്ടാക്കുകയും ലൈറ്റുകൾ ഓഫ് ചെയ്യുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഓഫിസർ ഇത് ചോദ്യം ചെയ്തതോടെ വാക്കുതർക്കമായി മാറി. തടസ്സം പിടിക്കാൻ ചെന്ന മറ്റൊരു പൊലീസുകാരനെ ഇവർ അസഭ്യം പറയുകയും യൂണിഫോമിൽ കയറി പിടിക്കുകയും കീഴ്താടിക്ക് അടിക്കുകയും ചെയ്തതായാണ് കേസ്.
പൊലീസുകാരെ ആക്രമിച്ചതിനും കൃത്യ നിര്‍വഹണത്തിന് തടസം നിന്നതിനുമാണ് ഡെന്‍സനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പത്തനാപുരം സ്വദേശി അനില്‍കുമാറും കേസില്‍ പ്രതിയാണ്. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.