ബീജിങ്: ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഒരു മാസത്തിൽ 60000 പേർ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
2022 ഡിസംബർ എട്ട് മുതൽ ഈ വർഷം ജനുവരി 12 വരെയുള്ള കണക്കാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 59,938 കൊവിഡ് അനുബന്ധ മരണങ്ങളാണ് ഒരു മാസത്തിനിടെ ചൈനയിൽ റിപ്പോർട്ട് ചെയ്തതെന്ന് നാഷണൽ ഹെൽത്ത് മിഷനു കീഴിലുള്ള മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ബ്യൂറോയുടെ മേധാവിയായ ജിയാവോ യഹുയി പറഞ്ഞു. ഇവയിൽ 5,503 മരണങ്ങൾ വൈറസ് മൂലമുള്ള ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്നാണ്. 54,435 പേർ മരണപ്പെട്ടത്, ഹൃദ്രോഗസംബന്ധമായ രോഗങ്ങൾ ഉള്‍പ്പടെയുള്ള പല ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു പിന്നാലെ കൊവിഡ് വന്നതിനെ തുടർന്നാണ്.
മരണമടഞ്ഞവരുടെ ശരാശരി പ്രായം എൺപത് ആണെന്നും ഗുരുതരാവസ്ഥയിലേക്ക് പോയവരിൽ 90 ശതമാനവും 65 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവർ ആണെന്നും റിപ്പോർട്ടില്‍ പറയുന്നു.
കൃത്യമായ രോഗ-മരണനിരക്കുകൾ റിപ്പോർട്ട് ചെയ്യാത്തതിന്റെ പേരിൽ കഴിഞ്ഞദിവസവും ചൈനയ്ക്കെതിരെ ലോകാരോഗ്യസംഘടന രംഗത്തെത്തിയിരുന്നു. രോഗവിവരം സംബന്ധിച്ചും മരണനിരക്കു സംബന്ധിച്ചും ചൈന കൃത്യമായ വിവരങ്ങൾ പങ്കുവെക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന ഉൾപ്പെടെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കണക്കുകൾ പുറത്തുവിട്ടത്.